Kerala

കൊവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്ത് നാല് സര്‍ക്കാര്‍ ലാബുകള്‍കൂടി

എറണാകുളം മെഡിക്കല്‍ കോളജിന് കൂടി ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്. എന്‍ഐവി ആലപ്പുഴയിലായിരുന്നു ആരംഭഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്.

കൊവിഡ് പരിശോധനയ്ക്ക് സംസ്ഥാനത്ത് നാല് സര്‍ക്കാര്‍ ലാബുകള്‍കൂടി
X

തിരുവനന്തപുരം: എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ നാല് മെഡിക്കല്‍ കോളജുകളില്‍കൂടി കൊവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളജിന് ഐഎസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഈ ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഐസിഎംആറിന്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് മൂന്ന് ലാബുകളില്‍കൂടി പരിശോധനകള്‍ തുടങ്ങാനാവുമെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളജിന് കൂടി ഐസിഎംആര്‍ അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കൊവിഡ് 19 പരിശോധന നടത്തുന്നത്. എന്‍ഐവി ആലപ്പുഴയിലായിരുന്നു ആരംഭഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തൃശൂര്‍ മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, മലബാര്‍ കാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് കൊവിഡ് 19 പരിശോധന നടത്തിവരുന്നത്. ഇതുകൂടാതെ കോഴിക്കോട്, എറണാകുളം ജില്ലകളിലെ രണ്ട് സ്വകാര്യലാബുകളിലും പരിശോധന നടന്നുവരുന്നു. സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് പുതിയ ലാബുകള്‍ സജ്ജമാക്കിയത്.

Next Story

RELATED STORIES

Share it