Kerala

കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍

ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക് ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളിലുണ്ടാവില്ല. തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൊവിഡ് വ്യാപനം: തിരുവനന്തപുരത്തെ തീരമേഖലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍
X

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച ജില്ലയിലെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്നു. അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍. ഇന്നലെ അര്‍ധരാത്രി മുതല്‍ 10 ദിവസത്തേക്കാണ് (28 ജൂലൈ അര്‍ധരാത്രി വരെ) ജില്ലാ കലക്ടര്‍ ഡോ.നവജ്യോത് ഖോസ നിയന്ത്രണം പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഒരുതരത്തിലുള്ള ലോക്ക് ഡൗണ്‍ ഇളവുകളും ഈ പ്രദേശങ്ങളിലുണ്ടാവില്ല. തീരപ്രദേശങ്ങളെ മൂന്നു സോണുകളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇടവ മുതല്‍ പെരുമാതുറ(സോണ്‍ 1) വരെയും പെരുമാതുറ മുതല്‍ വിഴിഞ്ഞം(സോണ്‍ 2) വരെയും വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍(സോണ്‍ 3) വരെയുമായാണ് തിരിച്ചിരിക്കുന്നത്. ഇടവ, ഒറ്റൂര്‍, അഞ്ചുതെങ്ങ്, കടയ്ക്കാവൂര്‍, വക്കം ഗ്രാമപ്പഞ്ചായത്ത്, വര്‍ക്കല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ ഒന്നിലും ചിറയിന്‍കീഴ്, കഠിനംകുളം ഗ്രാമപ്പഞ്ചായത്ത്, തിരുവനന്തപുരം കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ രണ്ടിലും കോട്ടുകാല്‍, കരിംകുളം, പൂവാര്‍, കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങള്‍ സോണ്‍ മൂന്നിലും ഉള്‍പ്പെടും.

ഐഎഎസ് ഉദ്യോഗസ്ഥരായ യു വി ജോസ്, ഹരികിഷോര്‍ എന്നിവരെ സോണ്‍ ഒന്നിലും എം ജി രാജമാണിക്യം, ബാലകിരണ്‍ എന്നിവരെ സോണ്‍ രണ്ടിലും ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരെ സോണ്‍ മൂന്നിലും ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായി നിയമിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ഉള്ളിലേക്കും പുറത്തേക്കുമുള്ള യാത്ര അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പാടുള്ളൂ. കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളിലും അനാവശ്യ യാത്ര അനുവദിക്കില്ല. സംസ്ഥാന പോലിസ് മേധാവി ജൂലൈ 17ന് പുറത്തിറക്കിയ ഉത്തരവനുസരിച്ചു വേണം പോലിസ് പ്രവര്‍ത്തിക്കാന്‍. മുന്‍നിശ്ചയപ്രകാരം നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റിവയ്ക്കും.

അവശ്യസര്‍വീസുകളില്‍ ഉള്‍പ്പെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ളതും മറ്റ് അനുബന്ധ ഓഫിസുകളും പ്രവര്‍ത്തിക്കില്ല. ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഉപയോഗപ്പെടുത്തണം. ആശുപത്രികള്‍, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തന അനുമതിയുണ്ട്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ദേശീയപാതയിലൂടെയുള്ള ചരക്കുനീക്കം അനുവദിക്കും. എന്നാല്‍, ഈ പ്രദേശങ്ങളില്‍ വാഹനം നിര്‍ത്താന്‍ പാടില്ല. പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍ ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാലുമണിവരെ പ്രവര്‍ത്തിക്കാം. ഓരോ കുടുംബത്തിനും അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it