Top

കൊവിഡ്: കോട്ടയം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ജില്ലയില്‍ മൂന്നുപേര്‍ രോഗമുക്തരായി

43 പേരെ വീട്ടിലെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആകെ 239 പേരാണ് ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നത്.

കൊവിഡ്: കോട്ടയം സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു; ജില്ലയില്‍ മൂന്നുപേര്‍ രോഗമുക്തരായി
X

കോട്ടയം: കൊവിഡ് സ്ഥിരീകരിച്ച കോട്ടയം സ്വദേശിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ജോലിചെയ്യുന്ന 31കാരനായ ആരോഗ്യപ്രവര്‍ത്തകന്റെ സഞ്ചാരപഥമാണ് പുറത്തുവിട്ടത്. മാര്‍ച്ച് 22ന് ജോലിചെയ്യുന്ന ഇടപ്പഴഞ്ഞി എസ്‌കെ ആശുപത്രിയില്‍നിന്ന് ഇടപ്പഴിഞ്ഞി പ്രൈം ഓട്ടോമൊബൈല്‍സിലെത്തി. 23ന് രാത്രി 11.30ന് വാടകവീട്ടില്‍നിന്ന് ഡ്രൈവര്‍ക്കൊപ്പം തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ചു. 24ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് കോട്ടയം പനച്ചിക്കാടുള്ള വീട്ടിലെത്തുന്നത്. തുടര്‍ന്ന് 25 മുതല്‍ ഏപ്രില്‍ ഏഴുവരെ ലോക്ക് ഡൗണായതിനാല്‍ വീട്ടില്‍തന്നെ കഴിഞ്ഞു.


ഏപ്രില്‍ എട്ടിന് രാവിലെ 10.30 മുതല്‍ 11.30 വരെ സചിവോത്തംപുരം പിഎച്ച്‌സിയില്‍ ചെലവഴിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയും 10ാം തിയ്യതി വരെ വീട്ടില്‍ കഴിഞ്ഞുകൂടുകയും ചെയ്തു. 11ന് വീണ്ടും സചിവോത്തംപുരം പിഎച്ച്‌സിയില്‍ പോയി. രാവിലെ 10.30 നും 11.30നും ഇടയില്‍ ആശുപത്രിയിലുണ്ടായിരുന്നു. 18ന് വൈകീട്ട് 4.30ന് പനച്ചിക്കാട് അല്‍മാ സ്റ്റോറിലെത്തി. 22ന് രാവിലെ ഒമ്പതിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാഷ്വാലിറ്റിയില്‍ ചികില്‍സ തേടി. 23 മുതല്‍ മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ രോഗി ചികില്‍സയിലാണ്. കോട്ടയത്തുനിന്നും കാറുമായി പോയാണ് ഡ്രൈവര്‍ കൂട്ടിക്കൊണ്ടുവന്നത്.

നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിന് നടപടി അതിവേഗം പുരോഗമിക്കുകയാണ്. ജില്ലയില്‍ രണ്ടുപേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ആശങ്കപരത്തുന്നുണ്ടെങ്കിലും മൂന്നുപേര്‍ക്ക് രോഗവിമുക്തി ലബിച്ചത് ആശ്വാസം പകരുകയാണ്. വൈറസ് ബാധിച്ച് ആശുപത്രി ചികില്‍സയിലുള്ളവര്‍ മൂന്നുപേരാണ്. ഇന്ന് 125 പേരെ ഹോം ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. 43 പേരെ വീട്ടിലെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ആകെ 239 പേരാണ് ജില്ലയില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നത്. ജില്ലയില്‍ ഇന്നുവരെ സാംപിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 726 പേരാണ്. ഇതില്‍ രണ്ട് പോസിറ്റീവ് കേസാണുള്ളത്. 652 പേരുടെ ഫലം നെഗറ്റീവായി. 57 പേരുടെ പരിശോധനാഫലങ്ങള്‍ ലഭിക്കാനണ്ട്. 15 സാംപിളുകള്‍ നിരാകരിച്ചു.

ഇന്ന് ഫലംവന്ന മൂന്ന് സാംപിളുകളും നെഗറ്റീവ്. 35 പേരുടെ സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട് 16 പേരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ഇന്ന് കണ്ടെത്തി. ഇതോടെ 33 പേരാണ് പ്രൈമറി കോണ്‍ടാക്ടുകളില്‍ ആകെ നിരീക്ഷണത്തിലുള്ളത്. സെക്കന്‍ഡറി കോണ്‍ടാക്ട് പട്ടികയില്‍ 21 പേരെയാണ് കണ്ടെത്തിയത്. കോട്ടയം ജില്ലയില്‍ കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച രണ്ടുമേഖലകളില്‍ അഗ്‌നിരക്ഷാ സേന അണുനശീകരണം നടത്തി. കോട്ടയം ചന്തക്കടവ് മുതല്‍ കോടിമത ലോറിത്താവളം വരെയുള്ള പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളും പരിസങ്ങളും അണുവിമുക്തമാക്കി.

രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയുടെയും ഇയാളെ തിരുവനന്തപുരത്തുനിന്നും എത്തിച്ച ഡ്രൈവറുടെയും വീടുകളിലും സമീപ മേഖലകളിലും പ്രധാന ജംഗ്ഷനുകളിലും റോഡുകളിലും അണുനാശിനി സ്‌പ്രേ ചെയ്തു. ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ കെ വി ശിവദാസന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫിസര്‍ എച്ച് ഹരീഷ്, ഫയര്‍ ഓഫിസര്‍മാരായ സി സിജിമോന്‍, പി രതീഷ്, ആര്‍ ആര്‍ ഡിനൂബ്, എസ് എല്‍ ഷെറിന്‍, ശ്രീജിന്‍, എം മിഥുന്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം ഫയര്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും പങ്കുചേര്‍ന്നു. കൊവിഡ് ബാധിച്ച വിജയപുരം സ്വദേശിയുടെയും അയല്‍വാസികളുടെയും വീടുകളിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച സ്‌പ്രേയിങ് നടത്തും.

Next Story

RELATED STORIES

Share it