Kerala

കൊവിഡ് 19; അതിര്‍ത്തിയില്‍ ശക്തമായ നിയന്ത്രണം, വീടുകളിലും പരിശോധന: മന്ത്രി എകെ ബാലന്‍

അതിര്‍ത്തികളിലൂടെ എല്ലാ ദിവസവും ശരാശരി അയ്യായിരത്തോളം പേരാണ് ജില്ലയിലെത്തുന്നത്.

കൊവിഡ് 19; അതിര്‍ത്തിയില്‍ ശക്തമായ നിയന്ത്രണം, വീടുകളിലും പരിശോധന: മന്ത്രി എകെ ബാലന്‍
X

പാലക്കാട്: അയൽ സംസ്ഥാനങ്ങളില്‍ കൊവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചരക്ക് ഗതാഗതം തടസപ്പെടുത്താതെ അതിര്‍ത്തികളില്‍ നിയന്ത്രണം ശക്തമാക്കുമെന്ന് മന്ത്രി എകെ ബാലന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളും അതിര്‍ത്തിയിലെ നിയന്ത്രണവും സംബന്ധിച്ച് മന്ത്രിമാരായ എകെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതിര്‍ത്തികളിലൂടെ എല്ലാ ദിവസവും ശരാശരി അയ്യായിരത്തോളം പേരാണ് ജില്ലയിലെത്തുന്നത്. കഴിഞ്ഞ ദിവസം 2870 വണ്ടികളിലായി 4314 പേരാണ് അതിര്‍ത്തി കടന്നെത്തിയത്. വാളയാറില്‍ മാത്രം ദിവസേന 1500 വാഹനങ്ങള്‍ എത്തുന്നുണ്ട്. ജില്ലയിലെ എട്ട് ചെക്‌പോസ്റ്റുകളിലും 44 ഊടുവഴികളിലുമായി രണ്ട് ഡിവൈഎസ്പി മാര്‍, 400 പോലിസുകാര്‍, 27 എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാര്‍ എന്നിവരെ 24 മണിക്കൂറും കര്‍ശന പരിശോധന നടത്തുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ എക്‌സൈസ് വകുപ്പും 24 മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

അതിര്‍ത്തി പ്രദേശങ്ങളിലെ മിക്ക വീടുകളിലും പരിശോധന നടത്തിയതായി മന്ത്രി അറിയിച്ചു. ഇതിലൂടെ അതിര്‍ത്തിയിലെ കൊവിഡ് കേസുകള്‍ ഉടന്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഭാഗമായി പാലക്കാട്, കോയമ്പത്തൂര്‍ അതിര്‍ത്തി ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി സംയുക്ത വിവര കൈമാറ്റവും സാധ്യമാകും. പരമാവധി പിസിആര്‍ ടെസ്റ്റുകള്‍ ജില്ലയില്‍ നടത്താന്‍ സാധിക്കും. തൃശൂരിലേക്കാണ് ഇതുവരെ സാംപിളുകള്‍ അയച്ചിരുന്നത്. ഒപ്പം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലേക്കും കൊവിഡ് പരിശോധനയ്ക്കായി സാംപിളുകള്‍ അയക്കും.

അതേസമയം പച്ചക്കറി വണ്ടികള്‍, മറ്റ് ചരക്ക് വണ്ടികള്‍ എന്നിവ വഴി അനധികൃതമായി അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്ന ഏജന്റുമാരെ പോലിസ്, ഇന്റലിന്‍സ് സഹായത്തോടെ കണ്ടെത്തി കര്‍ശന നിയമ നടപടി സ്വീകരിക്കും. വാഹനത്തിലെ ഡ്രൈവര്‍മാരുടെ വിശദാംശങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മാനസിലാക്കാനാകും. കൂടാതെ ഡ്രൈവറില്‍ നിന്നും സത്യവാങ്മൂലവും വാങ്ങിക്കും.

നിലവില്‍ ഗര്‍ഭിണികള്‍, കേരളത്തില്‍ ചികില്‍സ അത്യാവശ്യമായ രോഗികള്‍, മരണപ്പെട്ട അടുത്ത ബന്ധുക്കളെ കാണാനെത്തുന്നവര്‍, മരണാസന്നരായ ബന്ധുക്കളെ കാണാനെത്തുന്നവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവ്. വരുന്നവര്‍ വരുന്ന ജില്ലയിലേയും പോകേണ്ട ജില്ലയിലേയും കലക്ടര്‍മാരുടെ പാസ് ഹാജരാക്കണം. മരണവുമായി ബന്ധപ്പെട്ട് വരുന്നവര്‍ സത്യവാങ്മൂലം നല്‍കിയാല്‍ മതി. ഗ്രീന്‍സോണില്‍ ഉള്‍പ്പെട്ടിരുന്ന കോട്ടയത്തും ഇടുക്കിയിലും വീണ്ടും രോഗബാധ ഉണ്ടായ സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലയായ പാലക്കാടില്‍ ഏറെ ജാഗ്രത വേണമെന്ന് അദ്ദേഹം പറഞ്ഞു.


Next Story

RELATED STORIES

Share it