Kerala

കൊവിഡ്: മലപ്പുറത്തുനിന്ന് മധ്യപ്രദേശിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ യാത്രതിരിക്കും

വിവിധ ക്യാപുകളില്‍ കഴിയുന്ന തൊഴിലാളികളെ രാവിലെ എട്ട് മണിയ്ക്ക് മുമ്പായി പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസ്സുകളില്‍ അതത് താലൂക്കുകളിലെ ആരോഗ്യപരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കും.

കൊവിഡ്: മലപ്പുറത്തുനിന്ന് മധ്യപ്രദേശിലേക്കുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ യാത്രതിരിക്കും
X

മലപ്പുറം: ലോക്ക് ഡൗണ്‍ കാരണം ജില്ലയില്‍ കഴിയുന്ന മധ്യപ്രദേശില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ ആദ്യസംഘം നാളെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 357 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കോഴിക്കോട് നിന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രത്യേക തീവണ്ടി പുറപ്പെടുക. ജില്ലയില്‍നിന്ന് ബിഹാറിലേയ്ക്കുള്ള ആദ്യസംഘം മെയ് രണ്ടിന് യാത്രയായിരുന്നു. സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക പോലിസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കി. കൊണ്ടോട്ടി താലൂക്കില്‍നിന്ന് 66, തിരൂരങ്ങാടി താലൂക്കില്‍നിന്ന് 100, തിരൂര്‍ താലൂക്കില്‍നിന്ന് 41, ഏറനാട് താലൂക്കില്‍നിന്ന് 150 പേരുമാണ് തിരിച്ചുപോവുന്നത്.

വിവിധ ക്യാപുകളില്‍ കഴിയുന്ന തൊഴിലാളികളെ രാവിലെ എട്ട് മണിയ്ക്ക് മുമ്പായി പ്രത്യേകം ഏര്‍പ്പെടുത്തിയ കെഎസ്ആര്‍ടിസി ബസ്സുകളില്‍ അതത് താലൂക്കുകളിലെ ആരോഗ്യപരിശോധനാ കേന്ദ്രങ്ങളില്‍ എത്തിക്കും. കൊണ്ടോട്ടി താലൂക്കില്‍ മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളില്‍ ചേളാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഏറനാട് താലൂക്കില്‍ മഞ്ചേരി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രാവിലെ എട്ട് മണി മുതല്‍ ആരോഗ്യപരിശോധന നടത്തുക. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള തൊഴിലാളികളെ ആരോഗ്യജാഗ്രത ഉറപ്പാക്കി 10 കെഎസ്ആര്‍ടിസി ബസ്സുകളിലായി ഉച്ചയ്ക്ക് ഒരുമണിയ്ക്കു മുമ്പ് കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയ്ക്കും. ടിക്കറ്റെടുത്ത ശേഷം പ്രത്യേക തീവണ്ടിയിലും ആരോഗ്യജാഗ്രത ഉറപ്പാക്കിയാവും യാത്ര.

അതിഥി തൊഴിലാളികളെ കൊണ്ടുപോവാന്‍ വേണ്ട മുന്നൊരുക്കങ്ങളെല്ലാം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ ഒരുകാരണവശാലും നേരിട്ട് റെയില്‍വെ സ്റ്റേഷനുകളിലെത്തരുത്. ജില്ലാ ഭരണകൂടം യാത്രാ അനുമതി നല്‍കിയവരെ മാത്രമായിരിക്കും ഓരോ ഘട്ടങ്ങളിലും കൊണ്ടുപോവുക. നാട്ടിലേയ്ക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it