Kerala

കൊവിഡ് വ്യാപനം: ആരോഗ്യമന്ത്രി അവാര്‍ഡുകള്‍ തിരിച്ചു നല്‍കി മാപ്പു പറയണം: ബെന്നി ബെഹനാന്‍ എംപി

നവ കേരളം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നവ കൊറോണ കേരളമാണ് സൃഷ്ടിച്ചത്. കളികളുടെ കമന്ററി പറയുന്നവരെ പോലെ കൊറോണ കാലത്ത് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

കൊവിഡ് വ്യാപനം: ആരോഗ്യമന്ത്രി അവാര്‍ഡുകള്‍ തിരിച്ചു നല്‍കി മാപ്പു പറയണം: ബെന്നി ബെഹനാന്‍ എംപി
X

കൊച്ചി: രാഷ്ട്രീയ പ്രചാരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊവിഡിനെ മറയാക്കിയെന്ന് ബെന്നി ബെഹനാന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ അവാര്‍ഡുകള്‍ തിരിച്ചു നല്‍കി മാപ്പു പറയണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. പത്മശ്രീ അവാര്‍ഡുകള്‍ പോലും പലകാരണങ്ങളാല്‍ മടക്കി നല്‍കിയവര്‍ രാജ്യത്തുണ്ട്. ജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ പല അവാര്‍ഡുകളും നേടിയെടുത്തത്. കൊവിഡ് രോഗികളുടെ എണ്ണത്തിലും കേരളം ഒന്നാമതായതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബഹനാന്‍ കുറ്റപ്പെടുത്തി.

കേരളത്തില്‍ കൊവിഡ് പരിശോധനകളുടെ കാര്യത്തിലും സര്‍ക്കാര്‍ കൃത്രിമം കാണിച്ചു. നവ കേരളം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി നവ കൊറോണ കേരളമാണ് സൃഷ്ടിച്ചത്. കളികളുടെ കമന്ററി പറയുന്നവരെ പോലെ കൊറോണ കാലത്ത് കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വെറും വാചകമടിയും പിആര്‍വര്‍ക്കും മാത്രമാണ് സര്‍ക്കാര്‍ നടത്തിയതെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു. രോഗത്തിന്റെ ഉറവിടവും കാരണവും കണ്ടെത്താന്‍ സര്‍വെയ്ലന്‍സ് ടെസ്റ്റ് നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ടെസ്റ്റുകളുടെ കാര്യത്തില്‍ പ്രതിപക്ഷം നേരത്തെ ആക്ഷേപം ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുച്ഛിച്ച് തള്ളുകയായിരുന്നു. വിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പുകളും സര്‍ക്കാര്‍ അവഗണിച്ചു.കേരളം കണ്ട ഒരു പ്രതിസന്ധിയെയും കാര്യക്ഷമമായി നേരിടാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും ബെന്നി ബഹനാന്‍ എംപി ആരോപിച്ചു. പരാജയം ഏറ്റുപറഞ്ഞു സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

കൊവിഡ് ചികില്‍സയ്ക്കായി ആരംഭിച്ച എഫ്എല്‍ടി സികള്‍ പൂര്‍ണമായും അടച്ചുപൂട്ടിയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഹൈബി ഈഡന്‍ എംപി കുറ്റപ്പെടുത്തി. പ്രതിരോധ രംഗത്ത് ഇത് കനത്ത തിരിച്ചടിയായി. കൊവിഡ് ചികില്‍സ സൗജന്യമാണെന്ന് സര്‍ക്കാര്‍ മേനി പറയുമ്പോഴും എറണാകുളം പിവിഎസ് ആശുപത്രിയില്‍ ആന്റി വൈറല്‍ ഇഞ്ചക്ഷന് പതിനായിരം രൂപയാണ് ഈടാക്കുന്നതിന് ഹൈബി ഈഡന്‍ ആരോപിച്ചു. പൊതു ഇടങ്ങളെല്ലാം തുറന്നു കൊടുത്ത് പരമാവധി സ്വാതന്ത്ര്യവും നല്‍കിയിട്ട് ഇനി മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്ന് പറയുന്നതില്‍ കാര്യമില്ല.ഇളവുകള്‍ അനുവദിച്ചതില്‍ ആരോഗ്യ വകുപ്പ് ഗുരുതരമായ വീഴ്ച വരുത്തി. കൊവിഡ് ചികില്‍ കേന്ദ്രങ്ങളിലേക്ക് സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.ടി ജെ വിനോദ് എംഎല്‍എ യും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it