Kerala

ഏഴു പ്രവാസികള്‍ പത്തനംതിട്ടയിലെത്തി; നാലുപേര്‍ റാന്നിയിലെ നിരീക്ഷണ കേന്ദ്രത്തില്‍

ഗര്‍ഭിണികളായ നെടുമ്പ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലായി.

ഏഴു പ്രവാസികള്‍ പത്തനംതിട്ടയിലെത്തി; നാലുപേര്‍ റാന്നിയിലെ നിരീക്ഷണ കേന്ദ്രത്തില്‍
X

പത്തനംതിട്ട: അബുദബിയില്‍നിന്ന് വ്യാഴാഴ്ച രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന പത്തനംതിട്ട ജില്ലക്കാരില്‍ നാലു പേരെ റാന്നി താലൂക്കിലെ റാന്നി ഗേറ്റ് വേ റസിഡന്‍സി കൊവിഡ് 19 നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ നാല് പേരെയാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്. കുറിയന്നൂര്‍, പെരിങ്ങര, വെച്ചൂച്ചിറ, വായ്പൂര്‍ സ്വദേശികളാണിവര്‍.

ഗര്‍ഭിണികളായ നെടുമ്പ്രം, ഇരവിപേരൂര്‍ സ്വദേശിനികള്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തിലായി. പിതാവിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ദുബായിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ചിറ്റാര്‍ സ്വദേശി ആംബുലന്‍സില്‍ ചിറ്റാറിലെ വീട്ടില്‍ എത്തി നിരീക്ഷണത്തിലായി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ളവരുടെ യാത്ര ഒരേ കെഎസ്ആര്‍ടിസി ബസിലായിരുന്നു. കോട്ടയം ജില്ലയില്‍ ഉള്ളവരെ അവിടെ ഇറക്കിയ ശേഷം പുലര്‍ച്ചെ 4.53ന് ബസ്പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തി. ജംഗ്ഷനില്‍ ജില്ലാ കലക്ടര്‍ പി ബി നൂഹ് പ്രവാസികളെ സ്വീകരിച്ചു. തുടര്‍ന്ന് 5.25 ന് നാലു പേരെയും റാന്നിയിലെത്തിച്ചു. റാന്നി ഡെപ്യൂട്ടി തഹസില്‍ദാര്‍ എം കെ അജികുമാര്‍, പഴവങ്ങാടി വില്ലേജ് ഓഫീസര്‍ ആര്‍ സന്തോഷ് കുമാര്‍, റാന്നി താലൂക്ക് ആശുപത്രി ആര്‍എംഒ വി ആര്‍ വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചത്.

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഏഴു പേര്‍ ഉള്‍പ്പെടെ 149 പ്രവാസികളുമായി റിയാദില്‍ നിന്ന് പ്രത്യേക വിമാനം ഇന്ന് രാത്രി 8.30 ന് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മേയ് 10ന് രാത്രി 10.45 ന് ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 200 യാത്രക്കാരുണ്ടാകും.

Next Story

RELATED STORIES

Share it