Top

മലപ്പുറത്ത് 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 36 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്ക് വൈറസ്ബാധ. രോഗബാധിതരായി ചികിത്സയില്‍ 826 പേര്‍. ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,208 പേര്‍ക്ക്.

മലപ്പുറത്ത് 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 36 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പതിമൂന്നായി. ഇവരെ കൂടാതെ ഒരാള്‍ രോഗം ഭേദമായി ആശുപത്രിയില്‍ തുടര്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചിരുന്നു.

ജില്ലയില്‍ 141 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവരില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. 74 പേര്‍ക്ക് നേരത്തെ രോഗബാധയുണ്ടായവരുമായുള്ള നേരിട്ടുള്ള ബന്ധത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 28 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 36 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,368 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

നിരീക്ഷണത്തിലുള്ളത് 32,547 പേര്‍

32,547 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 817 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 543 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 35 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 33 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 140 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 30,393 പേര്‍ വീടുകളിലും 1,337 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

59,244 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍, ആന്റിബോഡി വിഭാഗങ്ങളിലുള്‍പ്പടെ 66,254 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 64,551 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 59,244 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,549 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it