Kerala

സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊറോണ; കാസർകോഡ് മാത്രം 34 പേരിൽ രോഗം സ്ഥിരീകരിച്ചു

കൊറോണ കൂടുതലായി കണ്ടെത്തിയ കാസർകോഡ് സ്ഥിതി ഗുരുതരമാണ്. കാസർകോഡ് മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയായി മാറ്റും. ദിനംപത്രി പ്രതിസന്ധികൾ ഏറിവരികയാണ്.

സംസ്ഥാനത്ത് 39 പേർക്ക് കൂടി കൊറോണ; കാസർകോഡ് മാത്രം 34 പേരിൽ രോഗം സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർ കൂടി കൊറോണയുടെ പിടിയിലായി. കാസർകോഡ് മാത്രം 34 പേരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊറോണ ഇല്ലാതിരുന്ന കൊല്ലത്തും ഒരാളിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊറോണ കണ്ടെത്തി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്

കണ്ണൂരിൽ രണ്ടുപേർക്കും തൃശ്ശൂർ, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. 112 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 5679 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4448 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയുള്ളവരുടെ എണ്ണം ഇതുവരെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തും പ്രത്യേകിച്ച് കാസർകോഡും സ്ഥിതി കൂടുതൽ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗം കണ്ടെത്തിയ ഇടുക്കിയിലെ പൊതുപ്രവർത്തകൻ്റെ യാത്ര അമ്പരിപ്പിക്കുന്നതാണ്. കേരളമൊട്ടാകെ ഇയാൾ യാത്ര ചെയ്തു. നിരവധി പ്രമുഖരുമായി ഇദ്ദേഹം ബന്ധപ്പെട്ടു.പൊതുപ്രവർത്തകനിൽ നിന്നും ഈ രീതിയിലുള്ള സമീപനമല്ല ഉണ്ടാവേണ്ടത്. വൈറസ് നമ്മിൽ നിന്നും ഏറെ അകലയല്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

കൊറോണ കൂടുതലായി കണ്ടെത്തിയ കാസർകോഡ് സ്ഥിതി ഗുരുതരമാണ്. കാസർകോഡ് മെഡിക്കൽ കോളജിനെ കൊവിഡ് ആശുപത്രിയായി മാറ്റും. ദിനംപത്രി പ്രതിസന്ധികൾ ഏറിവരികയാണ്. ആശുപത്രി സൗകര്യങ്ങൾ കുറവായ ഇവിടെ ചികിൽസയ്ക്കായി കർണാടകത്തിലേക്കാണ് പോവുന്നത്.

എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മംഗലാപുരത്തേക്ക് പോലും ചികിത്സക്ക് പോകാൻ കഴിയുന്നില്ല. ഈ വിഷയം ഗൗരവതരമാണ്.കർണാടക നടപടി സംബന്ധിച്ച് അവരുമായി ചർച്ച നടത്തും. മണ്ണ് കൊണ്ടിട്ട് റോഡ് യാത്ര തടസപ്പെടുത്തുന്നത് ശരിയല്ല. കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. അദ്ദേഹം മണ്ണു മാറ്റാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it