Kerala

അബുദാബിയില്‍ നിന്നുള്ള പ്രവാസികള്‍ സുരക്ഷിത നിരീക്ഷണത്തില്‍ ; കരുതലോടെ ജില്ല ഭരണകൂടം

എറണാകുളം ജില്ലയില്‍ നിന്നുള്ള 22 പേരാണ് ഇന്നലത്തെ വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ രോഗലക്ഷണങ്ങളില്ലാത്ത പന്ത്രണ്ട് പേരും സമീപ ജില്ലകളില്‍ നിന്നുള്ള ആറു പേരുമാണ് ജില്ലയിലെ നിരീക്ഷണ കേന്ദ്രമായ മുട്ടം എസ്‌സിഎംഎസ് ഹോസ്റ്റലില്‍ ഉള്ളത്. ഒമ്പത് പേരെ വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചു. ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണുള്ളത്

അബുദാബിയില്‍ നിന്നുള്ള പ്രവാസികള്‍ സുരക്ഷിത നിരീക്ഷണത്തില്‍ ; കരുതലോടെ ജില്ല ഭരണകൂടം
X

കൊച്ചി : ഇടവേളക്ക് ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അബുദാബി- കൊച്ചി വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വിമാനത്തിലുണ്ടായിരുന്നവര്‍ക്ക് മുമ്പെങ്ങും തോന്നാത്ത ആശ്വാസമായിരുന്നു.കൊവിഡ് ഭീതിയില്‍ നിന്നും നാടിന്റെ സുരക്ഷിതത്വത്തിന്റെ മണ്ണില്‍ തൊടുമ്പോള്‍ നീരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറുന്നതിന്റെ നിരാശയല്ല മറിച്ച് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലെന്ന ആത്മവിശ്വാസമായിരുന്നു പ്രവാസികളില്‍ പലര്‍ക്കുമുണ്ടായിരുന്നത്.എറണാകുളം ജില്ലയില്‍ നിന്നുള്ള 22 പേരാണ് ഇന്നലത്തെ വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ രോഗലക്ഷണങ്ങളില്ലാത്ത പന്ത്രണ്ട് പേരും സമീപ ജില്ലകളില്‍ നിന്നുള്ള ആറു പേരുമാണ് ജില്ലയിലെ നിരീക്ഷണ കേന്ദ്രമായ മുട്ടം എസ്‌സിഎംഎസ് ഹോസ്റ്റലില്‍ ഉള്ളത്. ഒമ്പത് പേരെ വീടുകളിലേക്ക് നിരീക്ഷണത്തിനയച്ചു. ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലാണുള്ളത്.

60 റൂമുകളുള്ള എസ്‌സിഎംഎസ് ഹോസ്റ്റലില്‍ സൗജന്യ വൈഫൈ സംവിധാനമുള്‍പ്പടെ ലഭ്യമായത് നിരീക്ഷണത്തിലുള്ളവര്‍ക്ക് ആശ്വാസം പകരുന്നു. കുടുംബാംഗങ്ങളുമായി ഫോണിലൂടെ ബന്ധപ്പെടാന്‍ തടസമില്ലാത്തതിന്റെ ആശ്വാസത്തിലാണ് ഇവര്‍. വൈഫൈ മാത്രമല്ല നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹോസ്റ്റലില്‍ തയ്യാറാക്കിയിട്ടുണ്ട്. അടിയന്തര ചികില്‍സക്കായി തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ സേവനം, വിദഗ്ദ നിര്‍ദേശമാവശ്യമുള്ളവര്‍ക്ക് ടെലിമെഡിസിന്‍ സംവിധാനങ്ങള്‍, സുഖ വിവരം തേടിയെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വിളികള്‍.

നിരീക്ഷണകാലത്ത് ആരോഗ്യത്തില്‍ ആശങ്കവേണ്ടെന്ന ഉറപ്പാണ് ആരോഗ്യ വകുപ്പ് ഓരോരുത്തര്‍ക്കും നല്‍കുന്നത്.എസ്‌സിഎംഎസ് ഹോസ്റ്റല്‍ ക്യാന്റീനിലാണ് നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള ആഹാരമൊരുക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള പ്രാഥമിക സൗകര്യങ്ങളും ഹോസ്റ്റലില്‍ ജില്ല ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ടൂത്ത് ബ്രഷും പേസ്റ്റും മുതല്‍ മാറി വിരിക്കാന്‍ കിടക്ക വിരി വരെ തയ്യാറാക്കിയ ശേഷമാണ് നിരീക്ഷണത്തില്‍ ഉള്ള ആളുകളെ ഹോസ്റ്റലില്‍ എത്തിച്ചത്.വിദേശത്തു നിന്നു മാത്രമല്ല ഇന്ത്യയിലെ ഹോട്‌സ്‌പോട്ടുകളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്കും നിരീക്ഷണവും ഒപ്പം ആവശ്യമായ സൗകര്യങ്ങളും ജില്ല ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്. കളമശ്ശേരി രാജഗിരി യൂത്ത് ഹോസ്റ്റലില്‍ ആണ് ഇവര്‍ക്ക് താമസ സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. കളമശ്ശേരി മുന്‍സിപ്പാലിറ്റിയാണ് ഇവര്‍ക്കാവശ്യമായ ഭക്ഷണം എത്തിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചനുകളില്‍ നിന്നും കുടുംബശ്രീ ക്യാന്റീനുകളില്‍ നിന്നുമാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it