Kerala

കൊറോണ: വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടു; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,793 പേര്‍

ശനിയാഴ്ച തൃശൂരില്‍നിന്ന് അഞ്ച് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്തയുണ്ടാക്കുകയും അത് ഫോര്‍വേഡ് ചെയ്തവരെയുമാണ് പിടികൂടിയത്.

കൊറോണ: വിദ്യാര്‍ഥിനിയുടെ നില മെച്ചപ്പെട്ടു; സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1,793 പേര്‍
X

തൃശൂര്‍: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിളിന്റെ ഫലം കിട്ടിയില്ല. ഇതുവരെ മറ്റാര്‍ക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍, രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22 പേരെ കൂടി ആശുപത്രിയില്‍ നിരീക്ഷിച്ചുവരികയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,793 പേരാണ്. ശനിയാഴ്ച തൃശൂരില്‍നിന്ന് അഞ്ച് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. വ്യാജ വാര്‍ത്തയുണ്ടാക്കുകയും അത് ഫോര്‍വേഡ് ചെയ്തവരെയുമാണ് പിടികൂടിയത്.

അതേസമയം, കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി പൂനെയില്‍നിന്നുള്ള വിദഗ്ധസംഘം ഞായറാഴ്ച ആലപ്പുഴയിലെത്തും. കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. പോസിറ്റീവായ വിദ്യാര്‍ഥിനിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കരുതല്‍ നടപടിയുടെ ഭാഗമായി ചൈനയില്‍നിന്നെത്തിയ വിദ്യാര്‍ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ സ്രവ സാംപിള്‍ പൂണെയില്‍ പരിശോധനയ്ക്ക് അയച്ചു. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ഥിനിക്കൊപ്പം യാത്രചെയ്ത വിദ്യാര്‍ഥിനി പനി ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ സിങ്ജിയാങ്ങില്‍നിന്നുള്ള 12 മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലെത്തി. സിങ്ജിയാങ്ങില്‍ അവസാനവര്‍ഷ എംബിബിഎസിന് പഠിക്കുന്ന വിദ്യാര്‍ഥികളാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. സിങ്ജിയാങ്ങില്‍ കൊറോണ റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് മടങ്ങിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ചെനയില്‍നിന്നെത്തിയവര്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുതെന്ന് മന്ത്രി അറിയിച്ചു. തൃശൂരില്‍ കൊറോണ രോഗം ഒരാള്‍ക്കു സ്ഥിരീകരിച്ച വിവരം രോഗത്തിന്റെ പ്രധാന ഉറവിടകേന്ദ്രമായ ചൈനയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ രോഗസ്ഥിരീകരണ വിവരം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രം അന്താരാഷ്ട്ര ഏജന്‍സികളേയും അറിയിക്കുകയാണ് ചെയ്യുക. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കൊറോണ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതിനാല്‍ രോഗം സ്ഥിരീകരിച്ച വിവരം അതാതു രാജ്യങ്ങള്‍ ഡബ്ല്യുഎച്ച്ഒയെ അറിയിക്കണമെന്നാണ് വ്യവസ്ഥ.

Next Story

RELATED STORIES

Share it