Kerala

കൊവിഡ് ബാധിതനുള്‍പ്പടെ 19 പേരും നിരീക്ഷണത്തില്‍; ഇവരെ ഒഴിവാക്കി ദുബയ് വിമാനം പുറപ്പെട്ടു

രോഗബാധിതനെയും ഭാര്യയെയും കളമശ്ശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനാണ് വിമാനത്തില്‍ പോവാനെത്തിയത്.

കൊവിഡ് ബാധിതനുള്‍പ്പടെ 19 പേരും നിരീക്ഷണത്തില്‍; ഇവരെ ഒഴിവാക്കി ദുബയ് വിമാനം പുറപ്പെട്ടു
X

കൊച്ചി: കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരന്‍ കയറിയ വിമാനം യാത്രപുറപ്പെട്ടു. ബിട്ടനില്‍നിന്നുള്ള 19 അംഗ സംഘത്തെ ഒഴിവാക്കിയാണ് ബാക്കി യാത്രക്കാരുമായി ദുബയ് എമിറേറ്റ്‌സ് വിമാനം തിരിച്ചത്. ഒരു ഇന്ത്യന്‍ പൗരനും യാത്ര ഒഴിവാക്കി. ഇയാള്‍ സ്വയം യാത്ര ഒഴിവാക്കുകയായിരുന്നു. രോഗബാധിതനെയും ഭാര്യയെയും കളമശ്ശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനാണ് വിമാനത്തില്‍ പോവാനെത്തിയത്.

ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലംകൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം അവഗണിച്ചായിരുന്നു ഇവര്‍ യാത്രയ്‌ക്കൊരുങ്ങിയത്. എന്നാല്‍, രണ്ടാമത്തെ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം അറിയിക്കുന്നതിന് മുമ്പ് ഇവര്‍ മൂന്നാറില്‍നിന്ന് മുങ്ങി. ബ്രീട്ടീഷ് പൗരന്‍ വിമാനത്തിനുള്ളില്‍ കയറിയശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായുള്ള റിപോര്‍ട്ട് ലഭിച്ചത്. ഉടന്‍തന്നെ അധികൃതര്‍ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്‍ ഉള്‍പ്പെടെ 19 പേരടങ്ങുന്ന സംഘത്തെ പോലിസ് വിമാനത്തില്‍നിന്നും തിരിച്ചിറക്കി.

270 യാത്രക്കാരെയും തിരിച്ചിറക്കിയിരുന്നു. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് യാത്രക്കാരുമായി വിമാനം പുറപ്പെടുകയായിരുന്നു. 250 പേരുമായി ദുബയിലേക്കുള്ള വിമാനം മൂന്നുമണിക്കൂറിലേറെ വൈകി 12.30നാണ് കൊച്ചിയില്‍നിന്ന് പുറപ്പെട്ടത്. വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. വിമാനത്താവളം അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാറും അറിയിച്ചു. മാര്‍ച്ച് ആറിന് കൊച്ചി വിമാനത്താവളംവഴിയാണ് ബ്രിട്ടീഷ് പൗരന്‍ കേരളത്തിലെത്തിയത്.

Next Story

RELATED STORIES

Share it