Kerala

ഓണക്കിറ്റിലേക്ക് ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ നല്‍കി വിവാദത്തില്‍ പെട്ട കമ്പനികള്‍ സ്‌കൂള്‍ കിറ്റ് പദ്ധതിയിലും

തിരുവനന്തപുരത്തുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വിവാദത്തില്‍ ഭക്ഷ്യവകുപ്പിന് നേരെയാണ് സപ്ലൈകോയും വിരല്‍ ചൂണ്ടുന്നത്.

ഓണക്കിറ്റിലേക്ക് ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ നല്‍കി വിവാദത്തില്‍ പെട്ട കമ്പനികള്‍ സ്‌കൂള്‍ കിറ്റ് പദ്ധതിയിലും
X

തിരുവനന്തപുരം: ഓണക്കിറ്റിലേക്കു ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ നല്‍കി വിവാദത്തില്‍ പെട്ട അരുണാചലം ഇംപെക്സ്പ്രൈവറ്റ് ലിമിറ്റഡ്, ഹഫ്സര്‍ ട്രേഡിങ് കമ്പനികളെ സ്‌കൂള്‍ കിറ്റ് പദ്ധതിയിലും ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി വിവരം. തിരുവനന്തപുരത്തുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വിവാദത്തില്‍ ഭക്ഷ്യവകുപ്പിന് നേരെയാണ് സപ്ലൈകോയും വിരല്‍ ചൂണ്ടുന്നത്. ആരോപണ വിധേയര്‍ക്ക് ഒത്താശ ചെയ്യുന്നത് ഭക്ഷ്യവകുപ്പാണെന്ന സൂചനയാണ് സപ്ലൈകോ നല്‍കുന്നത്.

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ട കമ്പനികളെയാണ് ഭക്ഷ്യവകുപ്പ് സംരക്ഷിക്കുന്നത്. മഞ്ഞള്‍പ്പൊടിക്കു വേണ്ടിയുള്ള ടെന്‍ഡറില്‍ അരുണാചലം ഇംപെക്സ്പ്രൈവറ്റ് ലിമിറ്റഡ്, മൂന്നു കറിപ്പൊടികള്‍ക്കും സണ്‍ഫ്ളവര്‍ ഓയിലിനുമുള്ള ടെന്‍ഡറില്‍ ഹഫ്സര്‍ ട്രേഡിങ് കമ്പനി എന്നിവയെ പരിഗണിക്കുന്നതാണ് വിവാദത്തിലായത്. ഇ-ടെന്‍ഡറില്‍ ഇവയുടെ സാങ്കേതിക ബിഡ് സപ്ലൈകോ അംഗീകരിച്ചു. ഓണക്കിറ്റിലേക്കു ഗുണമേന്‍മയില്ലാത്ത ശര്‍ക്കര നല്‍കിയെന്ന് അരുണാചലം കമ്പനിക്കെതിരേയും ഗുണനിലവാരമില്ലാത്ത പപ്പടവും നേരത്തെ ഭക്ഷ്യയോഗ്യമല്ലാത്ത കടലയും വിതരണം ചെയ്തെന്നു ഹഫ്സര്‍ ട്രേഡിങ് കമ്പനിക്കെതിരേയും പരാതിയുള്ളപ്പോഴാണിത്. ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് സപ്ലൈകോ സിഎംഡി അലി അക്സര്‍ പാഷ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇത് അവഗണിച്ചാണു ഇതേ കമ്പനികള്‍ക്കു വീണ്ടും ടെന്‍ഡര്‍ നല്‍കാന്‍ നീക്കം നടക്കുന്നത്. വിതരണം ചെയ്ത ഉല്‍പന്നങ്ങള്‍ക്കു നിലവാരമില്ലെങ്കില്‍ കമ്പനിയെ എല്ലാ ടെന്‍ഡറുകളില്‍നിന്നും മാറ്റിനിര്‍ത്തണമെന്നും പിഴ ഈടാക്കണമെന്നുമാണ് സപ്ലൈകോയുടെ ഇ-ടെന്‍ഡര്‍ വ്യവസ്ഥ. ഭക്ഷ്യയോഗ്യമല്ലാത്ത ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരേ നടപടിയില്ലാത്തതും ഇവര്‍ വീണ്ടും ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതും വലിയ അഴിമതിയിലേക്കാണു വിരല്‍ ചൂണ്ടുന്നത്. മോശം ശര്‍ക്കര വിതരണം ചെയ്ത കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി നടപടി ഒഴിവാക്കാനാണ് സപ്ലൈകോ ശ്രമിക്കുന്നത്.

Next Story

RELATED STORIES

Share it