Kerala

പെരുമാറ്റചട്ടത്തിൽ ഇളവില്ലാത്തതിനാൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ഇന്നുതന്നെ തുറക്കും

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30 നു തിരുവനന്തപുരം സ്റ്റാച്യൂവില്‍ നിര്‍വഹിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബിനു നിര്‍ദേശം നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

പെരുമാറ്റചട്ടത്തിൽ ഇളവില്ലാത്തതിനാൽ മുഖ്യമന്ത്രി പങ്കെടുക്കില്ല; സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ഇന്നുതന്നെ തുറക്കും
X

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ഇന്ന് തന്നെ തുറക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുള്ളതിനാൽ താനും മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30 നു തിരുവനന്തപുരം സ്റ്റാച്യൂവില്‍ നിര്‍വഹിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബിനു നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ഈ വരുന്ന അധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ വഴി 600 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30 നു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കാന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കണം എന്നാവശ്യപ്പെട്ടു ചീഫ് ഇലക്ടറല്‍ ഓഫീസറുമായി കണ്‍സ്യൂമര്‍ഫെഡ് ബന്ധപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും ഇളവ് വരുത്താനാവില്ല എന്നുമുള്ള മറുപടിയാണ്‌ ലഭിച്ചത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണയായി നല്‍കാറുള്ള ഇളവുകള്‍ സംബന്ധിച്ച ഉത്തരവ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്നാണ് അനൗദ്യോഗികമായി ചീഫ് ഇലക്ടറല്‍ ഓഫീസില്‍ നിന്നും അറിയിച്ചത്. പക്ഷേ ഇതിനു കടകവിരുദ്ധമായി ചീഫ് സെക്രട്ടറിയോ സഹകരണവകുപ്പ് സെക്രട്ടറിയോ അപേക്ഷ നല്‍കണമായിരുന്നു എന്ന മുട്ടാപ്പോക്ക് ന്യായമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇപ്പോള്‍ ഉന്നയിക്കുന്നത്. അങ്ങനെ നല്‍കിയ കര്‍ഷക കടാശ്വാസ മൊറട്ടോറിയം അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് പോലെ സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ത്രിശങ്കുവില്‍ ആക്കാന്‍ സര്‍ക്കാരിനു താല്പര്യമില്ല. മുഖ്യമന്ത്രിയും ഞാനും ഉദ്ഘാടനവേദിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും കടകംപള്ളി അറിയിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ നോട്ട് ബുക്ക്, ബാഗ്, കുട, ടിഫിന്‍ ബോക്‌സ് മറ്റ് പഠനോപകരണങ്ങള്‍ എന്നിവ പൊതുവിപണിയില്‍ നിന്ന് 40 ശതമാനം വിലക്കുറവില്‍ സംസ്ഥാനത്തെ 600 ലധികം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ജൂണ്‍ 30 വരെ സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും.

Next Story

RELATED STORIES

Share it