കോണ്‍ഗ്രസിന്റെ 14ാം പട്ടികയും വന്നു; അനിശ്ചിതത്വം തീരാതെ വയനാടും വടകരയും
സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയിട്ടും രണ്ടു മണ്ഡലങ്ങളില്‍ ആര് മല്‍സരിക്കുമെന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തില്‍നിന്ന് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തല്‍. കോണ്‍ഗ്രസ് അവസാനമായി പ്രഖ്യാപിച്ച 14ാം സ്ഥാനാര്‍ഥി പട്ടികയിലും കേരളത്തിലെ രണ്ട് മണ്ഡലങ്ങളും ഉള്‍പ്പെട്ടിട്ടില്ല.

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കുന്നു. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയിട്ടും രണ്ടു മണ്ഡലങ്ങളില്‍ ആര് മല്‍സരിക്കുമെന്നത് സംബന്ധിച്ച് ദേശീയ നേതൃത്വത്തില്‍നിന്ന് ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് യുഡിഎഫിന്റെയും വിലയിരുത്തല്‍. കോണ്‍ഗ്രസ് അവസാനമായി പ്രഖ്യാപിച്ച 14ാം സ്ഥാനാര്‍ഥി പട്ടികയിലും കേരളത്തിലെ രണ്ട് മണ്ഡലങ്ങളും ഉള്‍പ്പെട്ടിട്ടില്ല. ഇതുവരെ 293 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. രാഹുല്‍ ഗാന്ധി മല്‍സരിക്കുമെന്ന് പ്രതീക്ഷിക്കുന്ന വയനാട് മണ്ഡലത്തെച്ചൊല്ലിയാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.
രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുന്നത് സംബന്ധിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്ന അത്മവിശ്വാസം ഇപ്പോള്‍ കെട്ടടങ്ങിയ മട്ടാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വം നടത്തുമെന്നും ആദ്യം പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ്. രാഹുല്‍ വയനാട് മല്‍സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായും അനുകൂല തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. എന്നാല്‍, രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അത്തരമൊരു ആവശ്യം കെപിസിസി ഉന്നയിച്ചെന്ന് മാത്രമാണ് പറഞ്ഞതെന്നാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടിയുടെ വാദം. രാഹുല്‍ എന്തുതീരുമാനിച്ചാലും അത് അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ തിരഞ്ഞെടുപ്പ് സമിതി യോഗത്തിലും തീരുമാനമായില്ല.
സ്ഥാനാര്‍ഥിത്വം സംബന്ധിച്ച പ്രതിസന്ധി കേരള നേതാക്കള്‍ അറിയിച്ചെങ്കിലും രാഹുല്‍ മനസ് തുറന്നില്ല. സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായില്ല. എ കെ ആന്റണി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ എന്നിവര്‍ യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഉന്നയിച്ചതുമില്ല. യോഗം ബിഹാര്‍, ഒഡീഷ്യ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒതുങ്ങി. എഐസിസിയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ രാഹുല്‍ ഗാന്ധി വയനാട് മല്‍സരിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. വൈകാതെ തന്നെ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ പ്രഖ്യാപനമുണ്ടാവും.
അതേസമയം, രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചില്ലെങ്കില്‍ അണികളില്‍ പ്രയാസവും നിരാശയുമുണ്ടാവുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് അഭിപ്രായപ്പെട്ടു. അത്തരമൊരു സാഹചര്യമുണ്ടായാല്‍ പ്രതിസന്ധിയെന്ന് പറയാനാവില്ലെങ്കിലും അണികള്‍ വൈകാരികമായി തളരും. രാഹുല്‍ വന്നില്ലെങ്കില്‍ ടി സിദ്ദീഖ് തന്നെ സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പില്ല. ആര് സ്ഥാനാര്‍ഥിയാവണമെന്ന് എഐസിസി തീരുമാനിക്കും. രാഹുല്‍ വന്നില്ലെങ്കില്‍ ഇപ്പോള്‍ പരിഗണനയിലുള്ള മൂന്ന് പേരോ അതല്ലാതെ മറ്റാരെങ്കിലുമോ ആവാം. ഹൈക്കമാന്‍ഡിന് മുന്നില്‍ ഒരു അവ്യക്തതയുമില്ലെന്നും വി വി പ്രകാശ് പറഞ്ഞു. ടി സിദ്ദീഖിനെ കൂടാതെ അബ്ദുല്‍ മജീദ്, വി വി പ്രകാശ് എന്നിവരെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വയനാട് സീറ്റിലേക്ക് പരിഗണിച്ചിരുന്നത്. മണ്ഡലത്തില്‍ പ്രചാരണത്തിലായിരുന്ന സിദ്ദീഖ്, രാഹുലിന്റെ പേര് ഉയര്‍ന്നുവന്നതോടെ പിന്‍മാറുകയായിരുന്നു. അതേസമയം, ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ലെങ്കിലും വടകരയില്‍ കെ മുരളീധരന്‍ ശക്തമായ പ്രചാരണത്തിലാണ്.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT