Kerala

അച്ചടക്ക സമിതിയുടെ നോട്ടീസിന് മറുപടി നല്‍കും;കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കാന്‍ കഴിയില്ല; കെ വി തോമസ്

ഒരാഴ്ചയ്ക്കള്ളില്‍ മറുപടി കൊടുക്കും.അച്ചടക്ക സമിതി എന്തു തീരുമാനിച്ചാലും താന്‍ അംഗീകരിക്കും.താന്‍ ഇനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരും രാഷ്ട്രീയ പ്രവര്‍ത്തനവും തുടരും.സ്ഥാനമാനം വേണമെന്നില്ല.കോണ്‍ഗ്രസ് തനിക്കെതിരെ നടപടിയെടുത്താലും താന്‍ അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരും

അച്ചടക്ക സമിതിയുടെ നോട്ടീസിന് മറുപടി നല്‍കും;കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കാന്‍ കഴിയില്ല; കെ വി തോമസ്
X

കൊച്ചി: അച്ചടക്ക സമിതിയുടെ നോട്ടീസിന് കൃത്യമായി താന്‍ മറുപടി കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഒരാഴ്ചയ്ക്കള്ളില്‍ മറുപടി കൊടുക്കും.അച്ചടക്ക സമിതി എന്തു തീരുമാനിച്ചാലും താന്‍ അംഗീകരിക്കും.സിപിഎം സെമിനാറില്‍ ശശി തരൂര്‍ പങ്കെടുക്കുന്നില്ല.തോമസ് മാഷും പങ്കെടുക്കരുതെന്ന് കെ സി വേണുഗോപാല്‍ തന്നെ വിളിച്ചു പറഞ്ഞപ്പോള്‍ പങ്കെടുക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചിരുന്നതാണ്. ഈ വിവരം സംഘാടകരെ അറിയിച്ചിരുന്നതാണ്. ഇതിനു ശേഷം തനിക്കെതിരെ ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച സമീപനമാണ് തന്നെ പ്രകോപിച്ചതെന്നും കെ വി തോമസ് പറഞ്ഞു.സെമിനാറില്‍ പങ്കെടുത്താല്‍ തന്നെ പുറത്താക്കും എന്നൊക്കെ പറഞ്ഞ് തന്നെ പ്രകോപിപ്പിച്ചത്.

താന്‍ പാര്‍ട്ടിയുടെ അച്ചടക്കം ലംഘിട്ടില്ല.താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരും തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ പറ്റില്ല. മരിക്കുന്നതു വരെ താന്‍ കോണ്‍ഗ്രസുകാരനായി തുടരും.കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല.എ കെ ആന്റണിയാണ് അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍. അദ്ദേഹം നീതിയേ ചെയ്യാറുള്ളു.അനീതി ചെയ്യില്ല.എ കെ ആന്റണി മാത്രമല്ലല്ലോ കമ്മിറ്റിയിലുള്ളത്. കമ്മിറ്റി എല്ലാ പരിശോധിക്കട്ടെ.താന്‍ ചെറിയ തെറ്റുപോലും ചെയ്തിട്ടില്ല.പാര്‍ട്ടിയുടെ നയത്തിനെതിരായി താന്‍ ഒന്നും ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ നയത്തിനും കാഴ്ചപ്പാടിനും ഉള്ളില്‍ നിന്നും തന്നെയാണ് ചെയ്തിട്ടുള്ളത്.സിപിഎമ്മിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ആദ്യ വ്യക്തിയൊന്നുമല്ല താന്‍.

താന്‍ ഇനിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരും രാഷ്ട്രീയ പ്രവര്‍ത്തനവും തുടരും.സ്ഥാനമാനം വേണമെന്നില്ല.കോണ്‍ഗ്രസ് തനിക്കെതിരെ നടപടിയെടുത്താലും താന്‍ അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരും.തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ കഴിയില്ല.പാര്‍ട്ടിയ്ക്ക് ചട്ടവും പാരമ്പര്യവും ഉണ്ട്.തനിക്ക് കിട്ടിയ പദവികള്‍ സൗജന്യമായിരുന്നില്ല. ജനങ്ങളുടെ അംഗീകാരമുണ്ടായിരുന്നതുകൊണ്ട് ലഭിച്ചതാണ്. ഏഴു പ്രാവശ്യം താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. അത് കുറവാണോ. തന്നേക്കാള്‍ കൂടുതല്‍ തവണ ജയിച്ചവരും പ്രായമുള്ളവരും പാര്‍ട്ടിയില്‍ ഉണ്ടല്ലോയെന്നും കെ വി തോമസ് ചോദിച്ചു.

തന്നോടു മാത്രമെന്തിനാണ് ഇത്തരത്തില്‍ പ്രശ്‌നം.താനിക്കൊരു അജണ്ടയും ഇല്ല.ആര്‍ക്കാണ് അജണ്ടയെന്ന് കാണുന്നവര്‍ക്ക് മനസിലാകും.തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് അജണ്ട.തനിക്കെതിരെ കൊടുത്ത പരാതി അച്ചടക്ക സമിതി പരിശോധിക്കുന്ന സമയത്തു പോലും തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിക്കുകയായിരുന്നു.തനിക്കും കാര്യങ്ങള്‍ പറയാനുണ്ട്.2018 മുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. അത് താന്‍ മറുപടിയില്‍ വ്യക്തമാക്കും.സമൂഹമാധ്യമങ്ങളില്‍ തന്നെ വ്യക്തി ഹത്യ ചെയ്യുന്നത് കോണ്‍ഗ്രസുകാരാണ്.ഇക്കാര്യം താന്‍ സുധാകരനോട് പറഞ്ഞിട്ടുള്ളതാണെന്നും കെ വി തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it