Kerala

പ്രാണ പ്രതിഷ്ഠാദിനത്തില്‍ പ്രതിഷേധിച്ചതിന് കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു

പ്രാണ പ്രതിഷ്ഠാദിനത്തില്‍ പ്രതിഷേധിച്ചതിന് കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു
X

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മ്മിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പ്രതിഷേധിച്ച കോഴിക്കോട് എന്‍ഐടി വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിന്റ ഒരു വര്‍ഷത്തേക്കുള്ള സസ്‌പെന്‍ഷന്‍ നടപടിയാണ് വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. വൈശാഖ് നല്‍കിയ അപ്പീലില്‍ ഹിയറിങ്ങിന് വിളിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

സസ്‌പെന്‍ഷനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായിരുന്നു. എസ്എഫ്‌ഐ, കെ എസ് യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാംപസിനുമുന്നില്‍ പ്രതിഷേധസമരങ്ങള്‍ നടന്നത്. ക്യാംപസിനകത്ത് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തിലും വന്‍പ്രതിഷേധം സംഘടിപ്പിച്ചു. രാത്രി വൈകുംവരെ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിദ്യാര്‍ത്ഥിക്കുനേരേയുള്ള സസ്പെന്‍ഷന്‍ നടപടി പുനഃപരിശോധിക്കാന്‍ എന്‍ഐടി അധികൃതര്‍ തീരുമാനിച്ചു.

എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനിടെ പോലിസും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. എന്‍ഐടി കവാടത്തിനുമുന്നില്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്യാംപസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പോലിസ് ലാത്തിവീശുകയായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു.

കെ എസ് യു ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എന്‍ഐടി ക്യാംപസിനുമുന്നില്‍ പ്രതിഷേധത്തെരുവും ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ മാര്‍ച്ച് ക്യാംപസ് ഗേറ്റിനുമുന്നില്‍ പോലിസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവര്‍ത്തകര്‍ ക്യാംപസിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ നേരിയ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധത്തിന്റെ ഭാഗമായി ക്യാംപസ് കവാടത്തിനുമുന്നില്‍ കെ എസ് യു പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ ത്രിവര്‍ണഭൂപടം തീര്‍ത്തു. പ്രതിഷേധപരിപാടിക്കുശേഷം കെ എസ് യു നേതാക്കള്‍ ക്യാംപസിനകത്ത് പ്രതിഷേധിക്കുകയായിരുന്ന എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാനൊരുങ്ങിയത് പോലിസ് തടഞ്ഞതോടെ കെ എസ് യു പ്രവര്‍ത്തകരും പോലിസും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി.

അയോധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാംപസിലെ സ്പിരിച്വാലിറ്റി ആന്‍ഡ് സയന്‍സ് (എസ്എന്‍എസ്) ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് നാലാംവര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി വൈശാഖ് പ്രേംകുമാറിനെ ഒരുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ക്യാംപസിലെ അച്ചടക്കസമിതി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തത്.





Next Story

RELATED STORIES

Share it