Kerala

മാണിയുടെ സീറ്റില്‍ പി ജെ ജോസഫ്; കേരളാ കോൺഗ്രസിൽ തര്‍ക്കം തുടരുന്നു

മാണിയുടെ വിയോഗശേഷം ആദ്യമായാണ് സഭ ചേരുന്നത്. കേരളാ കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തിനായി ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറയുന്നതിനിടെയാണ് സഭയുടെ മുൻനിരയിൽ മാണി ഇരുന്നിരുന്ന നാലാം നമ്പർ കസേരയിൽ പി ജെ ജോസഫ് ഇരുന്നത്.

മാണിയുടെ സീറ്റില്‍ പി ജെ ജോസഫ്; കേരളാ കോൺഗ്രസിൽ തര്‍ക്കം തുടരുന്നു
X

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മില്‍ അധികാരത്തിനായി തര്‍ക്കം രൂക്ഷമായിരിക്കേ ഇന്നാരംഭിച്ച നിയമസഭാ സമ്മേളനത്തില്‍ മാണിയുടെ കസേരയില്‍ ഇരുന്നത് പി ജെ ജോസഫ്. മാണിയുടെ വിയോഗശേഷം ആദ്യമായാണ് സഭ ചേരുന്നത്. കേരളാ കോൺഗ്രസ് (എം) ചെയർമാൻ സ്ഥാനത്തിനായി ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറയുന്നതിനിടെയാണ് സഭയുടെ മുൻനിരയിൽ മാണി ഇരുന്നിരുന്ന നാലാം നമ്പർ കസേരയിൽ പി ജെ ജോസഫ് ഇരുന്നത്.

പി ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയും ജോസഫ് വിഭാഗം നേതാവുമായ മോന്‍സ് ജോസഫ് എംഎല്‍എ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് തള്ളിക്കൊണ്ട് മാണിവിഭാഗം രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

കെ എം മാണിയുടെ സീറ്റ് ജോസഫിന് നല്‍കണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടിരുന്നു. സീറ്റ് ക്രമീകരണത്തിൽ വ്യക്തത വരുത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇത്. എന്നാൽ, പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കാന്‍ സാവകാശം വേണമെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി റോഷി അഗസ്റ്റിന്‍ എംഎല്‍എ പുതിയ കത്ത് സ്പീക്കര്‍ക്ക് നല്‍കി. കത്തിന്റെ അടിസ്ഥാനത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പി ജെ ജോസഫിന്റെ സീറ്റില്‍ മാറ്റം വരുത്തുമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ മുൻ നിരയിലെ നാലാം നമ്പർ സീറ്റ് ഒഴിച്ചിടാനാകില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ സീറ്റ് ജോസഫിന് അനുവദിക്കുകയായിരുന്നു.

അതിനിടെ ജോസഫ് മാണിയുടെ സീറ്റില്‍ ഇരുന്നത് പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയ്ക്കല്ലെന്ന് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ജൂണ്‍ ഒമ്പതിന് മുമ്പ് നിയസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത് അറിയിക്കണമെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇന്നുരാവിലെ സഭയിൽ മാണിയെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടയിലും പി ജെ ജോസഫ് സീനിയോരിറ്റി ഓര്‍മ്മിപ്പിച്ചാണ് സംസാരിച്ചതും. കെ എം മാണി വിളിച്ചത് കൊണ്ടാണ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വന്നത്. പാര്‍ട്ടിയുടെ ലയനത്തിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന് കെ എം മാണിയോട് ആവശ്യപ്പെട്ടിരുന്നു. സീനിയറായ താന്‍ ചെയര്‍മാന്‍ ആകാമെന്നും വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നും കെ എം മാണി പറഞ്ഞുവെന്നും പി ജെ ജോസഫ് അനുസ്മരണത്തില്‍ വ്യക്തമാക്കി.

പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് ഇപ്പോഴത്തെ വർക്കിങ് ചെയർമാൻ പി ജെ ജോസഫും മാണിയുടെ മകൻ ജോസ് കെ മാണിയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. നിയമസഭയിലേക്കും ഈ ചേരിപ്പോര് വ്യാപിക്കുന്നതോടെ കേരളകോൺഗ്രസിൽ പിളർപ്പിന് സാധ്യതയേറി. നിലവിൽ യുഡിഎഫ് യോഗം ചേരുകയാണ്. ലോക്സഭ ഫലം വിലയിരുത്തലാണ് യോഗത്തിന്റെ അജണ്ടയെങ്കിലും കേരള കോൺഗ്രസിലെ പ്രതിസന്ധിയും ചർച്ചയാവും.

Next Story

RELATED STORIES

Share it