Kerala

താല്‍ക്കാലികര്‍ വാഴും: റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളെ മാത്രം വീഴ്ത്താന്‍ കൊവിഡ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമനങ്ങളൊന്നും നടക്കാതെ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്. കൊവിഡ് ഒരു കാരണമായി നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ ജോലികളില്‍ പല വിധത്തില്‍ അനധികൃതര്‍ കയറിക്കൂടി കൊണ്ടിരിക്കുകയാണ്. സർക്കാർ നിയമനങ്ങളിലെ കള്ളക്കളികൾ തുറന്നുകാട്ടാൻ തേജസ് ന്യൂസ് നടത്തിയ അന്വേഷണ പരമ്പര ഇന്നു മുതൽ ആരംഭിക്കുകയാണ്.

താല്‍ക്കാലികര്‍ വാഴും: റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികളെ മാത്രം വീഴ്ത്താന്‍ കൊവിഡ്
X

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയമനങ്ങളൊന്നും നടക്കാതെ പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്. രണ്ടു തവണ നീട്ടിയിരുന്നെങ്കിലും കൊവിഡ് വ്യാപനം കാരണമുള്ള ലോക്ക് ഡൗണിനെത്തുടര്‍ന്നു നിയമനങ്ങള്‍ ഒന്നും നടന്നിരുന്നില്ല. ആയിരക്കണക്കിന് ഉദ്യോഗസ്ഥരാണ് ഈ വര്‍ഷം വിരമിക്കാന്‍ തയാറെടുക്കുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒട്ടേറെപ്പേര്‍ വിരമിച്ചു. ഇവര്‍ക്കു പകരമായി ഈ ലിസ്റ്റുകളില്‍ നിന്നു കാര്യമായ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ല. പോലിസ്, ആരോഗ്യവകുപ്പ് തുടങ്ങിയ അടിയന്തര സര്‍വീസുകളിലൊന്നും നിയമനങ്ങള്‍ നടന്നിട്ടില്ല. സര്‍ക്കാര്‍ കോളജുകളിലെ ഒഴിവുള്ള അധ്യാപക തസ്തികകളില്‍ അടക്കം നാമമാത്ര നിയമനങ്ങളേ നടന്നിട്ടുള്ളൂ. കൊവിഡ് ഒരു കാരണമായി നിലനില്‍ക്കുമ്പോഴും സര്‍ക്കാര്‍ ജോലികളില്‍ പല വിധത്തില്‍ അനധികൃതര്‍ കയറിക്കൂടി കൊണ്ടിരിക്കുകയാണ്. ബന്ധുനിയമനം, നേതാക്കളുടെ മക്കളെന്ന പേരിലുള്ളത്, കരാറില്‍ കയറി സ്ഥിരമാകല്‍, കണ്‍സള്‍ട്ടന്‍സി വഴി യോഗ്യതയില്ലാതെ ഉന്നത ശമ്പളത്തില്‍ ജോലി ചെയ്യല്‍ ....തുടങ്ങി പലവിധത്തിലാണ് സര്‍ക്കാര്‍ തലത്തില്‍ ആളുകള്‍ നിയമിക്കപ്പെടുന്നത്. ഇതിന്റെയെല്ലാം നഷ്ടം വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് പഠിച്ച്, എല്ലാ യോഗ്യതയും നേടി, റാങ്ക് ലിസ്റ്റില്‍ ഇടം നേടി സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ്.

പി എസ് സി റാങ്ക് പട്ടികയില്‍ രണ്ടുലക്ഷം പേരും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 3.2 ലക്ഷം പേരും ജോലികാത്ത് കഴിയുമ്പോഴാണ് നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിലും ഇത്തരം നിയമനങ്ങള്‍ നടക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിരമിക്കല്‍ ആയിരുന്നു 2019 ലും 2020 ലും നടന്നത്. ഈ ഒഴിവുകളിലേക്ക് നിയമിക്കപ്പെടാന്‍ 17.94 ലക്ഷം പേര്‍ എല്‍ഡിസി പരീക്ഷ എഴുതിയതില്‍ മെയിന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത് വെറും 15333 പേര്‍ മാത്രം. ചരിത്രത്തിലെ ഏറ്റവും ചെറിയ ലിസ്റ്റാണിതത്രേ. അതായത് 0.85%. വിരമിച്ച ആളുകളുടെ ഒഴിവുകളിലേക്കെല്ലാം അപ്പോഴേക്കും താല്‍ക്കാലിക നിയമനത്തിന്റെ പേരില്‍ തിരുകികയറ്റല്‍ നടന്നു കഴിഞ്ഞുവെന്നതാണ് കുറഞ്ഞ നിയമനത്തിന്റെ ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റാങ്ക് ലിസ്റ്റിൽ നഷ്ടപ്പെട്ട ഒഴിവുകള്‍ വീണ്ടെടുക്കുവാനായി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടമെന്നാണ് ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. ഈ 0.85% ആളുകള്‍ മെയിന്‍ ലിസ്റ്റില്‍ വന്ന 14 ജില്ലകളിലെ ലിസ്റ്റില്‍ നാളിതുവരെ 10% നിയമനം പോലും നടന്നിട്ടില്ല. ഇത്രയും ഫില്‍റ്റര്‍ ചെയ്ത കാര്യക്ഷമതയുള്ള ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാതെ, അത് നീട്ടി കൊടുക്കുന്നതിനെ പറ്റി ചിന്തിക്കാതെ, കൊവിഡും സാമ്പത്തിക പ്രതിസന്ധിയും പറഞ്ഞ് പുതിയ ലിസ്റ്റ് ഇടാനും പരീക്ഷ നടത്താനും ആലോചിക്കുകയാണ് സര്‍ക്കാരും പിഎസ് സിയും. അതിന്റെ യുക്തി നിലവില്‍ താല്‍ക്കാലികമായി നുഴഞ്ഞു കയറിവരെ പാര്‍ട്ടിക്കാരനാണെന്നത് വച്ച് സ്ഥിരപ്പെടുത്തുക എന്നതല്ലാതെ എന്താണ്? വര്‍ഷങ്ങളായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നടത്തി വരുന്നതും അതാണ്.

കൊറോണയും സാമ്പത്തിക മാന്ദ്യവും മൂലമുള്ള പ്രതിസന്ധി കൊണ്ടാണ് സര്‍ക്കാരിന് പിഎസ് സി നിയമനങ്ങളില്‍ കുറവുണ്ടായത് എന്ന് പറയുമ്പോള്‍, കൊവിഡിന്റെ മറവില്‍ മന്ത്രി മെഴ്‌സികുട്ടിയമ്മയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെയും, മറ്റൊരു പാര്‍ട്ടി അനുഭാവിയെയും താല്‍ക്കാലിക ജോലിയില്‍ നിന്നും എല്‍ഡി ക്ലാര്‍ക്ക് ജോലിയില്‍ സ്ഥിരപ്പെടുത്തിയതും ഈ സര്‍ക്കാരാണ്.(Order 32/2020 തീയതി- 19/06/20). ലൈബ്രറി കൗണ്‍സിലില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കയറിയ 47പേരെ(order 263/2020,date 20/07/20) ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച് സ്ഥിരപ്പെടുത്തി. ബന്ധപ്പെട്ട ഉത്തരവില്‍ ഇതൊരു കീഴ് വഴക്കം ആയി കാണേണ്ട എന്ന് പറയുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ സാമൂഹിക വ്യാപന ഭീഷണി ഉണ്ടായിരുന്ന സമയത്തു പോലും മന്ത്രിസഭ കൂടി അത് അംഗീകരിച്ചുവെന്നതാണ് ശ്രദ്ധേയം.ആ നിയമനങ്ങള്‍ പോലുള്ളവ പ്രതീക്ഷിച്ചു പരീക്ഷയെഴുതി 18 ലക്ഷം ആള്‍ക്കാര്‍ കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രിയുടെ കംപ്യൂട്ടര്‍ സെല്ലില്‍ എച്ച് എസ് സി, പി എസ് സി ലിസ്റ്റില്‍ ഉള്ളവരെ എടുക്കാതെ താല്‍ക്കാലികാടിസ്ഥാനത്തില്‍ ക്ലാര്‍ക്കിനെ ജൂണ്‍ 2020ല്‍ നിയമിച്ചു. (order 1837/2020,date 10/06/20). ഇതിനിടെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് സ്ഥിരം നിയമനം നല്‍കി സ്വജന പക്ഷപാതത്തിന് മറ്റൊരു ഉദാഹരണം കൂടി സര്‍ക്കാര്‍ തലത്തില്‍ നടന്നത്.

ഒരാള്‍ക്കു പോലും നിയമനം നല്‍കാതെ ഒന്നര വര്‍ഷത്തിലേറെയായി പൂഴ്ത്തിവച്ചിരിക്കുന്ന റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍ പട്ടികയും പി എസ് സിയുടേതായി ഉണ്ട്. പരീക്ഷ 2017ല്‍ ആയിരുന്നു. 2018ല്‍ റാങ്ക് പട്ടികയായി.ഒന്നാം റാങ്കുകാരന് പി എസ് സി നിയമനശുപാര്‍ശ അയച്ചത് 2019 ജനുവരിയില്‍. ഇതിനിടെ മറ്റൊരു ജോലിക്കു ചേര്‍ന്നതിനാല്‍ അയാള്‍ ശുപാര്‍ശ സ്വീകരിച്ചില്ല. ചട്ടമനുസരിച്ച് ഉദ്യോഗാര്‍ഥി ചേരാന്‍ എത്തിയില്ലെങ്കില്‍ ഈ ഒഴിവ് പരമാവധി 60 ദിവസത്തിനുള്ളില്‍ തിരിച്ചു പി എസ് സിക്കു റിപ്പോര്‍ട്ട് ചെയ്യുകയും അടുത്ത റാങ്കുകാരന് നിയമനം നല്‍കുകയും വേണം. എന്നാല്‍, ഒഴിവ് വനംവകുപ്പ് മുക്കിയതോടെ രണ്ടാം റാങ്കുകാരന് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നിയമന ശുപാര്‍ശ കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ പട്ടികയില്‍ ഒരാള്‍ക്കു പോലും ഇതുവരെ നിയമനം കിട്ടിയില്ല. പഠിച്ചു പരീക്ഷ എഴുതിയാല്‍ മാത്രം പോരാ, ഓരോ ഓഫിസിലും കയറിയിറങ്ങി ഒഴിവുകള്‍ കണ്ടെത്തി ഉദ്യോഗസ്ഥരെക്കൊണ്ട് പി എസ് സി യിലേക്കു റിപ്പോര്‍ട്ട് ചെയ്യിക്കേണ്ട ഗതികേടിലാണ് ഉദ്യോഗാര്‍ഥികള്‍. കൊവിഡിന്റെ പേരില്‍ പി എസ് സി പട്ടികകളില്‍നിന്ന് അഞ്ചുമാസമായി നിയമനം നടക്കുന്നില്ലെന്നു റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കാലാവധി പൂര്‍ത്തിയായ പോലിസ് റാങ്ക് പട്ടിക ഇതിനുദാഹരണമാണ്. ഈ പട്ടികയിലാണു യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതി ഒന്നാം റാങ്കുകാരനായത്. ഇതു വിവാദമായതോടെ പട്ടികയില്‍നിന്നുള്ള നിയമനങ്ങള്‍ നാലുമാസം മരവിപ്പിച്ചിരുന്നു. അതിനുശേഷം നിയമങ്ങള്‍ ആരംഭിച്ചപ്പോഴേക്കും കൊവിഡ് എത്തി.

നാളെ: സാമ്പത്തിക പ്രതിസന്ധിയുണ്ട്; എന്നിട്ടും ശമ്പളവര്‍ധനയും തസ്തിക സ്ഥിരപ്പെടുത്തലും തകൃതി


Next Story

RELATED STORIES

Share it