Kerala

നിലമ്പൂര്‍ ഐജിഎംഎംആര്‍ സ്‌കൂളിലെ കൊവിഡ് കെയര്‍ സെന്റര്‍ മാറ്റിസ്ഥാപിക്കണമെന്ന് കോളനി നിവാസികള്‍

ഇക്കാര്യം ചൂണ്ടിക്കാട്ടി കോളനി നിവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ആയിരത്തോളം ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

നിലമ്പൂര്‍ ഐജിഎംഎംആര്‍ സ്‌കൂളിലെ കൊവിഡ് കെയര്‍ സെന്റര്‍ മാറ്റിസ്ഥാപിക്കണമെന്ന് കോളനി നിവാസികള്‍
X

മലപ്പുറം: നിലമ്പൂര്‍ വെളിയംതോട് ഐജിഎംഎംആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കൊവിഡ് ചികില്‍സാകേന്ദ്രം മാറ്റിസ്ഥാപിക്കണമെന്ന ആവശ്യവുമായി ജവഹര്‍ കോളനി നിവാസികള്‍ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോളനി നിവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ആയിരത്തോളം ദലിത് കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയില്‍ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഈ സ്ഥലത്ത് ആശുപത്രി സ്ഥാപിക്കുന്നതിനു മുമ്പ് നഗരസഭ ഉള്‍പ്പെടെ തങ്ങളോട് ആലോചിച്ചിട്ടില്ലെന്നും കോളനി നിവാസികള്‍ പറയുന്നു.

ആശുപത്രിയിലെ മാലിന്യം കൊണ്ടുവന്നിടുന്നതും മതിലിനരികിലാണ്. കൊവിഡ് ബാധിതര്‍ ചികില്‍സയില്‍ കഴിയുന്നവര്‍ താമസിക്കുന്ന കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ ഏറെ സുരക്ഷിതമായി സംസ്‌കരിക്കേണ്ട സ്ഥാനത്താണ് അധികാരികളുടെ അനാസ്ഥ. താമസസ്ഥലത്തിനും സ്‌കൂളിനുമിടയില്‍ ഈ മതിലിന്റെ അകലം മാത്രമേയുള്ളൂ. ജില്ലാ കലക്ടര്‍ക്ക് കോളനിക്കാരോട് കൂടുതല്‍ ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റണമെന്നും കോളനി നിവാസികള്‍ പറയുന്നു. നിലമ്പൂര്‍ നഗരസഭ നടത്തുന്ന കൊവിഡ് കെയര്‍ സെന്ററിനെതിരേ നിരവധി പരാതികളാണ് ഉയരുന്നത്.

രോഗികള്‍ക്ക് ഭക്ഷണം തികയുന്നില്ലെന്നും പഴകിയ ഭക്ഷണമാണ് ലഭിക്കുന്നതെന്നുമുള്ള പരാതിയുമായി ചികില്‍സയിലുള്ളവര്‍തന്നെയാണ് രംഗത്തുവന്നത്. കൊവിഡ് കെയര്‍ സെന്ററില്‍ പുതുതായി പ്രവേശിപ്പിക്കപ്പെടുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് മുഖ്യപരാതി. രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയ ശേഷം മാത്രമാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഇതുകാരണം വൈകുന്നേരമോ രാത്രിയോ കൊവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് അടുത്ത ദിവസം ഉച്ചയ്ക്ക് മാത്രമാണ് ഭക്ഷണം ലഭിക്കുക.

കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ പ്രവേശിപ്പിക്കുന്ന കൊവിഡ് കെയര്‍ സെന്ററില്‍ ഭക്ഷണവിതരണത്തെക്കുറിച്ച് പരാതി ഉയര്‍ന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അതേസമയം, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന നടപടികളെടുത്തിട്ടുണ്ടെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.

Next Story

RELATED STORIES

Share it