Kerala

തണ്ണീര്‍മുക്കം ബണ്ടിലെ കോഫര്‍ ഡാം പൊളിക്കും

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നുള്ള ലീഡിങ് ചാനല്‍ വന്നുചേരുന്ന അഴിമുഖത്തെ പുഴയ്ക്ക് സമാന്തരമായി വെള്ളമൊഴുക്കിന് തടസ്സമായ മരങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം അടിയന്തരമായി മുറിച്ചുമാറ്റും.

തണ്ണീര്‍മുക്കം ബണ്ടിലെ കോഫര്‍ ഡാം പൊളിക്കും
X

തിരുവനന്തപുരം: തണ്ണീര്‍മുക്കം ബണ്ടിലെ കോഫര്‍ ഡാം അടിയന്തരമായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം പൊളിച്ചുമാറ്റി മണ്ണ് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രത്യേകം സൂക്ഷിക്കാനും തീരുമാനം. ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി, ധനമന്ത്രി ടി എം തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍, ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സ്വീകരിക്കേണ്ട അടിയന്തര തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നുള്ള ലീഡിങ് ചാനല്‍ വന്നുചേരുന്ന അഴിമുഖത്തെ പുഴയ്ക്ക് സമാന്തരമായി വെള്ളമൊഴുക്കിന് തടസ്സമായ മരങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം അടിയന്തരമായി മുറിച്ചുമാറ്റും. തോട്ടപ്പള്ളി പൊഴിയില്‍ അടിഞ്ഞുകൂടിയ സാന്റ് ബാര്‍ നീക്കംചെയ്യാന്‍ എല്ലാവര്‍ഷത്തേയും പോലെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ജൂണ്‍ ഒന്നിനു മുമ്പ് പണി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കും. സ്പില്‍വേയുടെ അഴിമുഖത്ത് അടിഞ്ഞുകൂടിയ വിലയേറിയ ധാതുമണല്‍ ശേഖരം പൊതുമേഖലാ സ്ഥാപനങ്ങളായ ഐആര്‍ഇ/ കെഎംഎംഎല്‍ മുഖേന നടപടിക്രമങ്ങള്‍ പാലിച്ച് എടുത്തുമാറ്റും.

സ്പില്‍വേയുടെ ഡൗണ്‍സ്ട്രീം, അപ്സ്ട്രീം എന്നീ ഭാഗങ്ങളുടെ ഡ്രെഡ്ജിങ്ങിനും വീയ്യപുരത്തിന് സമീപം ലീഡിങ് ചാനലിന്റെ ആരംഭഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്ന പ്രവൃത്തിക്കും പരിശോധന നടത്തി താല്‍പര്യപത്രം ക്ഷണിക്കും. പ്രവൃത്തി ചെയ്യുന്നവര്‍ സ്വന്തം ചെലവില്‍ മണ്ണ് എടുത്തുകൊണ്ടുപോകുകയും ഇതുവഴി ലഭിക്കുന്ന തുക സര്‍ക്കാരില്‍ അടയ്ക്കുകയും ചെയ്യണം. ബൈപ്പാസ് കനാലുകളായ കോരക്കുഴി തോട്, കരിയാര്‍ തോട് എന്നിവയുടെ അഴം കൂട്ടി നവീകരിക്കാന്‍ തുടര്‍നടപടി സ്വീകരിക്കും. സ്പില്‍വേ പൊഴുമുഖത്ത് മണല്‍തിട്ട രൂപംകൊള്ളാതിരിക്കാനുള്ള പുലിമുട്ടുകളുടെ നിര്‍മ്മാണത്തെപ്പറ്റി പഠനത്തിന് ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

Next Story

RELATED STORIES

Share it