Kerala

റെയിൽവേ മന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി; അദ്ദേഹത്തിൻ്റെ പരാമർശം പദവിക്ക് ചേർന്നതല്ല

നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവത്തിന്‍റെ നേരിയ അംശം പോലും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നുള്ളത് നിര്‍ഭാഗ്യകരമാണ്.

റെയിൽവേ മന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി; അദ്ദേഹത്തിൻ്റെ പരാമർശം പദവിക്ക് ചേർന്നതല്ല
X

തിരുവനന്തപുരം: മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് കേരള സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന റെയിൽവേ മന്ത്രിയുടെ പിയുഷ് ഗോയലിൻ്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനയക്കാൻ റെയില്‍വേ കഴിഞ്ഞ ദിവസം തീരുമാനിച്ചു. കേരളത്തിന് വിവരം ലഭിച്ചിരുന്നില്ല. ഇക്കാര്യം റെയില്‍വേ മന്ത്രിയെ അറിയിച്ചു. വരുന്നവരുടെ ശരിയായ നിരീക്ഷണത്തിനും രോഗം തടയുന്നതിനും സർക്കാർ നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്ന് അദ്ദേഹത്തോട് പറഞ്ഞു. എന്നാലതിന് ശേഷവും സമാനമായ തീരുമാനമുണ്ടായി. അതിനാൽ ഇക്കാര്യം പ്രധാനമന്ത്രിയെ കൂടി അറിയിച്ചു. നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്നമാണിത്. മുംബൈയിൽ നിന്നുള്ളവരും വരണമെന്നാണ് സർക്കാരിന്റെ നിലപാട്.

എന്നാൽ, രോഗം പടരാതിരിക്കാനുള്ള നിബന്ധനകൾ കർശനമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ജനങ്ങളെ കുറിച്ചുള്ള ചിന്തയാണ് അങ്ങനെ പറയിക്കാന്‍ കാരണമായത്. ലക്ഷക്കണത്തിന് ആളുകളാണ് സംസ്ഥാനത്തിന് പുറത്തുള്ളത്. ഇവര്‍ ഒന്നിച്ചു വന്നാല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റും. കേരളത്തിലേക്ക് വരുന്നവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രമാണ് പിയൂഷ് ഗോയലിനോട് പറഞ്ഞത്. രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇവിടുത്തെ കാര്യങ്ങള്‍ ചെയ്യാനാകൂ. റെയില്‍വേ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ട്.

എന്നാല്‍, കത്ത് ലഭിച്ച ശേഷവും വീണ്ടും വീണ്ടും ട്രെയിന്‍ അയ്ക്കാന്‍ ശ്രമിച്ചു. അത് രാഷ്ട്രീയം നോക്കിയുള്ള നടപടിയാണ്. ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് അത് തടഞ്ഞത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയെ ഈ ചെറിയ കാര്യം അറിയിക്കേണ്ടി വന്നത്. പിയൂഷ് ഗോയല്‍ പറഞ്ഞത് നിര്‍ഭാഗ്യകരമായി പോയി. അത് ആ പദവിക്ക് ചേര്‍ന്നതല്ല. നമ്മുടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവത്തിന്‍റെ നേരിയ അംശം പോലും അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നുള്ളത് നിര്‍ഭാഗ്യകരമാണ്.

സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല തീരുമാനിക്കേണ്ടത്. അത് സംസ്ഥാനത്തെ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാർ ഇങ്ങനെ പ്രവർത്തിച്ചാൽ എന്താകുമെന്നായിരുന്നു പിയൂഷ് ഗോയലിന്‍റെ ചോദ്യം. സ്വകാര്യ ഹിന്ദി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ ആരോപണം.

Next Story

RELATED STORIES

Share it