Kerala

കേന്ദ്രസര്‍ക്കാര്‍ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: മുഖ്യമന്ത്രി

ദേശീയ കുടിയേറ്റ നയം കേന്ദ്രത്തെ കൊണ്ട് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തണം. കേന്ദ്രം ശ്രദ്ധിക്കാത്ത തലങ്ങളിൽ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല: മുഖ്യമന്ത്രി
X

തിരുവനന്തപുരം: രണ്ടാമത് ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കമായി. രാവിലെ ഒമ്പതിന്‌ നിയമസഭാ സമുച്ചയത്തിലെ സ്ഥിരംവേദിയായ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പ്രവാസികളുടെ പ്രശ്നം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നത് മനുഷ്യത്യപരമായ സമീപനമല്ല. പ്രവാസി ക്ഷേമത്തിനുള്ള നിയമനിർമ്മാണത്തിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ദേശീയ കുടിയേറ്റ നയം കേന്ദ്രത്തെ കൊണ്ട് പ്രഖ്യാപിക്കാൻ സമ്മർദ്ദം ചെലുത്തണം. കേന്ദ്രം ശ്രദ്ധിക്കാത്ത തലങ്ങളിൽ ശ്രദ്ധ ചെലുത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസം ഇപ്പോഴും വലിയ പ്രശ്നമായി സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ട്. ലോക കേരളസഭ അടിയന്തരമായി ശ്രദ്ധക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ദേശിയ കുടിയേറ്റ നയം ഉണ്ടാക്കിയെടുക്കുക എന്നതിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി നിക്ഷേപത്തിന്‍റെ കാര്യത്തിൽ ലോക കേരള സഭ സംസ്ഥാനത്ത് ഉണ്ടാക്കിയത് വൻ മുന്നേറ്റമാണ്. പ്രവാസി സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആദ്യം ചെയ്യേണ്ടത് കുടിയേറ്റം സംബന്ധിച്ച സ്ഥിതിവിവര കണക്ക് ഉണ്ടാക്കുകയാണ്. ഗൾഫ് കുടിയേറ്റത്തിൽ കുറവ് ഉണ്ടാകുന്നുണ്ട്. സ്വദേശി വത്കരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തിരിച്ചടി ഉണ്ടായതെങ്കിലും പ്രവാസി നിക്ഷേപത്തിന്‍റെ കാര്യത്തിൽ വലിയ കുതിച്ച് ചാട്ടമാണ് സംസ്ഥാനത്തുള്ളത്. വിശ്വസിക്കാൻ കഴിയുന്ന നിക്ഷേപ കേന്ദ്രമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു.

സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ അധ്യക്ഷനായി. ലോക കേരളസഭ സമീപന രേഖ മുഖ്യമന്ത്രി അവതരിപ്പിച്ചു. തുടർന്ന്‌ മേഖലാ, വിഷയ മേഖലാ യോഗങ്ങൾ ചേരും. ലോക കേരളസഭ നിയമ നിർമാണത്തിനുള്ള കരട്‌ ബില്ലിന്റെ അവതരണവും നടക്കും. നാളെ വിവിധ ചർച്ചകളുടെ സമാപനവും മുഖ്യമന്ത്രിയുടെ മറുപടിയുമുണ്ടാകും. ഉച്ചയ്ക്ക് ഒന്നിന്‌ സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ സാംസ്‌കാരികോത്സവം, മാധ്യമ സെമിനാർ, പ്രവാസി സാഹിത്യ സമ്മേളനം എന്നിവയും നടക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.

ബുധനാഴ്‌ച വൈകിട്ട്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനാണ്‌ ലോകകേരള സഭാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. മുഖ്യമരന്തി പിണറായി വിജയൻ അധ്യക്ഷനായി. 47 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. ഗൾഫ്, സാർക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, ക്യാനഡ എന്നിവിടങ്ങളിൽനിന്നായി 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു.

28 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്. രണ്ടുവർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന വ്യവസ്ഥപ്രകാരം 58 പേർ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉൾപ്പെടുത്തിയിട്ടുണ്ട്‌.

Next Story

RELATED STORIES

Share it