Kerala

വിവാദ ലേഖനം: ടോം ജോസിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; അംഗീകരിക്കില്ലെന്ന് സിപിഐ

മാവോവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചും പോലിസിനെ ന്യായീകരിച്ചുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാദ ലേഖനം: ടോം ജോസിനെ സംരക്ഷിച്ച് മുഖ്യമന്ത്രി; അംഗീകരിക്കില്ലെന്ന് സിപിഐ
X

തിരുവനന്തപുരം: മാവോവാദി വേട്ടയുമായി ബന്ധപ്പെട്ട ലേഖന വിവാദത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. നിയമസഭയിലെ ശൂന്യവേളയിൽ മാവോവാദികളെ കൊലപ്പെടുത്തിയ വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിയെ വെള്ളപൂശിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളി വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐ രംഗത്തെത്തി.

മാവോവാദികളെ തീവ്രവാദികളായി ചിത്രീകരിച്ചും പോലിസിനെ ന്യായീകരിച്ചുമുള്ള ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെയാണ് ചീഫ് സെക്രട്ടറി ലേഖനമെഴുതിയത്. ലേഖനം എഴുതുന്നതിന് അനുമതിയുടെ അവശ്യമില്ല. ലേഖനം ഒരു തരത്തിലും അന്വേഷണത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ, മുഖ്യമന്ത്രിയുടെ വാദങ്ങൾ അപ്പാടെ സിപിഐ തള്ളി. ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ലേഖനം അങ്ങോട്ട് ആവശ്യപ്പെട്ട് എഴുതി നൽകിയതെന്നാണ് വ്യക്തമാവുന്നത്. ഈ ലേഖനം കോടതിയലക്ഷ്യമാണ്. ഇക്കാര്യത്തിൽ നടപടി വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും കാനം വ്യക്തമാക്കി.

മാവോവാദികളെ വെടിവെച്ചു കൊന്ന പോലിസ് നടപടിയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തുവന്നത്. ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി സർക്കാർ നിലപാട് വ്യക്തമാക്കിയത്. മാവോവാദികള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാവില്ല. മാവോവാദി തീവ്രവാദികളിൽ നിന്നും പൗരന്മാരെ പോലിസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു. 2050 ഓടെ രാജ്യത്തിന്റെ ഭരണം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാവോവാദികൾ പ്രവര്‍ത്തിക്കുന്നത്. മാവോവാദികൾക്കെതിരേ നടക്കുന്നത് യുദ്ധമാണ്. മാവോവാദികളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തെ സുരക്ഷിത കേന്ദ്രമായാണ് മാവോവാദികള്‍ കാണുന്നത്. അവര്‍ കേരളത്തിലെ കാടുകളിലും അവരെ പിന്തുണക്കുന്നവര്‍ നഗരത്തിലുമുണ്ട്. പോലിസും ഭരണകൂടവും ഇവര്‍ക്കെതിരെ ശക്തമായ നിരീക്ഷണം നടത്തി വരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രത്യാക്രമണത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്. അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും ടോം ജോസ് പറഞ്ഞു.

Next Story

RELATED STORIES

Share it