Kerala

പോക്‌സോ കേസ്: വേഗത്തിൽ നിയമനടപടിയെന്ന കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 57 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് ആവശ്യമായ തുക വകയിരുത്താനും നടപടി സ്വീകരിക്കും.

പോക്‌സോ കേസ്:   വേഗത്തിൽ നിയമനടപടിയെന്ന കര്‍ശന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കുട്ടികള്‍ ഇരകളാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ കേസുകള്‍ എടുത്ത് എത്രയും വേഗം നിയമനടപടികള്‍ കൈക്കൊള്ളണമെന്ന കര്‍ശന നിലപാടാണ് പോക്‌സോ കേസുകളുടെ കാര്യത്തില്‍ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എം ഉമ്മറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

2013 മുതല്‍ കോടതിയില്‍ വ്യവഹാരത്തിലിരിക്കുന്ന കേസുകളുണ്ട്. മറ്റു കുറ്റകൃത്യങ്ങളില്‍ നിന്നും വ്യത്യസ്തമായി, പീഡനത്തിനിരയാകുന്ന കുട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധുത്വമോ അധീശത്വമോയുള്ള വ്യക്തികളാണ് മിക്കവാറും കേസുകളില്‍ പ്രതി സ്ഥാനത്ത് വരുന്നത് എന്നതിനാല്‍ ശിക്ഷാ സാധ്യതയെ ഇന്ന് പ്രതികൂലമായി ബാധിക്കുന്നു എന്ന വസ്തുതയും നിലനില്‍ക്കുന്നു. എന്നിരുന്നാലും 2016 വര്‍ഷത്തില്‍ 19 ശതമാനമായിരുന്ന ശിക്ഷാ നിരക്ക് (Conviction Rate) 2019 ആയപ്പോള്‍ 24 ശതമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് അഖിലേന്ത്യാ ശരാശരിയെക്കാള്‍ ഉയര്‍ന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ വിചാരണ ചെയ്യുന്നതിനായി പതിനാല് ജില്ലകളിലും അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് തലത്തിലുള്ള ഒരു കോടതിയെ പ്രത്യേകമായി നിശ്ചയിച്ച് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ എറണാകുളം ജില്ലയില്‍ പോക്‌സോ കേസുകള്‍ക്ക് മാത്രമായി പ്രത്യേക കോടതി ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

പോക്‌സോ കേസുകളുടെ വിചാരണ വേഗത്തില്‍ ആക്കണമെന്നും അതിനായി 2019 -20, 2020 -21 സാമ്പത്തിക വര്‍ഷങ്ങളില്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിട്ടയേര്‍ഡ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയടക്കം സേവനവും ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സംസ്ഥാനത്ത് 57 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിന് ആവശ്യമായ തുക വകയിരുത്താനും നടപടി സ്വീകരിക്കും.

പോക്‌സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് യോഗം തീരുമാനിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കാനും തീരുമാനിച്ചു. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധതിയില്‍ ഇടമുണ്ടാകണമെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്.

സ്‌കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയണം. പോലീസ്, എക്‌സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കും. സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. അമ്മയും പെണ്‍മക്കളും മാത്രം താമസിക്കുന്ന ധാരാളം വീടുകള്‍ ഉണ്ട്. ഇങ്ങനെയുള്ള കുടുംബങ്ങളെ കണ്ടെത്തുകയും അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും വേണമെന്നും തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it