Kerala

സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കും

കൂടുതൽ കൊറോണ കേസുകൾ നിലവിലുള്ള കാസർകോട് (61), കണ്ണൂർ- (45), മലപ്പുറം- (9), കോഴിക്കോട് (9) എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളിൽ മെയ് മൂന്നുവരെ കർശന നിയന്ത്രണങ്ങൾ തുടരും.

സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കും
X

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം തയ്യാറാക്കിയ ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിച്ച് കേന്ദ്രാനുമതിയോടെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൂടുതൽ കൊറോണ കേസുകൾ നിലവിലുള്ള കാസർകോട് (61), കണ്ണൂർ- (45), മലപ്പുറം- (9), കോഴിക്കോട് (9) എന്നീ ജില്ലകളാണ് ആദ്യത്തെ മേഖലയിലുള്ളത്. ഈ ജില്ലകളിൽ മെയ് മൂന്നുവരെ കർശന നിയന്ത്രണങ്ങൾ തുടരും. ഈ നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്പോട്ടുകൾ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. ഈ വില്ലേജുകൾക്ക് എൻട്രി പോയിന്റ്, എക്സിറ്റ് പോയിന്റ് ഇവ ഉണ്ടായിരിക്കും. ഇവ ഒഴികെ വില്ലേജുകളിലേക്കുള്ള മറ്റ് വഴികൾ എല്ലാം അടയ്ക്കും. ഭക്ഷ്യ വസ്തുക്കളും മറ്റും സർക്കാർ അനുവദിക്കുന്ന ഈ പോയിന്റുകളിലൂടെയാണ് എത്തിക്കുക.

രണ്ടാമത്തെ മേഖലയായി സംസ്ഥാന സർക്കാർ കാണുന്നത് ആറ് പോസിറ്റീവ് കേസുകളുള്ള പത്തനംതിട്ട, മൂന്ന് കേസുകളുള്ള എറണാകുളം, അഞ്ച് കേസുകളുള്ള കൊല്ലം ജില്ലകളേയാണ്. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത രീതിയിൽ ലോക്ക് ഡൗൺ തുടരും. ഹോട്ട് സ്പോട്ടായ പ്രദേശങ്ങൾ കണ്ടെത്തി അവ അടച്ചിടും. ഏുപ്രിൽ 24 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.

മൂന്നാമത്തെ മേഖലയായി നിർദ്ദേശിക്കുന്നത് മൂന്ന് കേസുകളുള്ള ആലപ്പുഴ, രണ്ട് പോസിറ്റീവ് കേസുള്ള തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളും ഒരു കേസുമാത്രമുള്ള തൃശ്ശൂർ വയനാട് എന്നീ ജില്ലകളുമാണ്. ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. ഈ ജില്ലകളിലെ ഭക്ഷണ ശാലകൾ ഉൾപ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാൽ ഹോട്ട് സ്പോട്ടായ വില്ലേജുകൾ കണ്ടെത്തി അവ അടച്ചിടും.

സംസ്ഥാനത്ത് പോസിറ്റീവായ കേസുകൾ ഇല്ലാത്ത രണ്ട് ജില്ലകളാണ് ഉള്ളത്. കോട്ടയം ഇടുക്കി എന്നിവ. ഇവ രണ്ടും ഒരുമേഖലയായി തരംതിരിക്കും. ഇതിൽ ഇടുക്കി തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായുണ്ട്. ഈ രണ്ടുജില്ലകൾ തമ്മിൽ ജില്ലവിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ഈ ജില്ലകളിൽ സാധരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. രാജ്യം മുഴുവൻ ബാധകമായ മറ്റ് നിയന്ത്രണങ്ങൾ ഇവിടെയും ബാധകമായിരിക്കും.

എവിടെ ആയാലും പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കണം. എല്ലായിടങ്ങളിലും സാനിറ്റൈസറുകളും കൈകഴുകാനും സൗകര്യങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. എന്നാൽ സംസ്ഥാനത്തിന്റ നിർദ്ദേശത്തിൽ ഇവ പല മേഖലകൾക്കുള്ളിലായാണ് വരുന്നത്. അതിനാൽ കേന്ദ്രത്തിന്റെ അനുമതിയോടെ ഈ രീതി നടപ്പിലാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

മേൽ പറഞ്ഞ എല്ലാ മേഖലകളിലും കൂട്ടം ചേരൽ, സംസ്ഥാനം- ജില്ലകൾ വിട്ടുള്ള യാത്രകൾ, സിനിമാ ശാലകൾ, ആരാധനാലയങ്ങൾ എന്നിവയുടെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിലവിൽ തുടരുന്ന വിലക്കുകൾ ബാധകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it