Kerala

കേരളത്തില്‍ എന്‍പിആര്‍ നിര്‍ത്തിവച്ചെന്ന വാദം പൊളിയുന്നു; മഞ്ചേരിയില്‍ വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കുലര്‍

മലപ്പുറം ജില്ലയിലെ മഞ്ചേരി തുറയ്ക്കല്‍ സ്‌കൂള്‍, എച്ച്എംവൈഎച്ച്എസ്, ചുള്ളക്കാട് യുപി തുടങ്ങി 12 ഓളം സ്‌കൂള്‍ അധികൃതര്‍ക്ക് മഞ്ചേരി നഗരസഭയില്‍നിന്ന് ലഭിച്ച കത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ പ്രത്യേക പ്രൊഫോമയില്‍ തയ്യാറാക്കി അറിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

കേരളത്തില്‍ എന്‍പിആര്‍ നിര്‍ത്തിവച്ചെന്ന വാദം പൊളിയുന്നു; മഞ്ചേരിയില്‍ വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കുലര്‍
X

കോഴിക്കോട്: കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവച്ചുവെന്ന മുഖ്യമന്ത്രിയുടെ വാദം വീണ്ടും പൊളിയുന്നു. എന്‍പിആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവരശേഖരണത്തിന് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ട് സെന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌കൂള്‍ അധികൃതര്‍ക്ക് അയച്ച സര്‍ക്കുലര്‍ പുറത്തുവന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരി തുറയ്ക്കല്‍ സ്‌കൂള്‍, എച്ച്എംവൈഎച്ച്എസ്, ചുള്ളക്കാട് യുപി തുടങ്ങി 12 ഓളം സ്‌കൂള്‍ അധികൃതര്‍ക്ക് മഞ്ചേരി നഗരസഭയില്‍നിന്ന് ലഭിച്ച കത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ വിവരങ്ങള്‍ പ്രത്യേക പ്രൊഫോമയില്‍ തയ്യാറാക്കി അറിയിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.


എന്നാല്‍, അതിന് അനുബന്ധമായി സെന്‍സസ് വകുപ്പ് ഈമാസം 21ന് അയച്ചുകൊടുത്ത പ്രൊഫോമയില്‍ എന്‍പിആര്‍ ആരംഭിക്കണമെന്നും അതിനായി അധ്യാപകരുടെ വിവരങ്ങള്‍ നല്‍കണമെന്നുമാണ് സൂചിപ്പിച്ചിരിക്കുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഏറനാട് തഹസില്‍ദാര്‍ പാപ്പിനിപ്പാറ എച്ച്എസ്എയുപി സ്‌കൂളിന് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്.


ഏപ്രില്‍ 15 മുതല്‍ മെയ് 29 വരെയാണ് എന്‍പിആര്‍ പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള സെന്‍സസ് നടക്കുക. ഏപ്രില്‍ 15ന് ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പിന് എന്യൂമറേറ്റര്‍മാരെയും സൂപ്പര്‍വൈസര്‍മാരെയും നിയമിക്കുന്നതിന്റെ ഭാഗമായാണ് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളത്.


കേരളത്തില്‍ എന്‍പിആര്‍ നിര്‍ത്തിവച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി അധ്യാപകരുടെ പേര് നിര്‍ദേശിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കും പ്രധാന അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിക്കൊണ്ട് ജനുവരി 13ന് താമരശ്ശേരി തഹസില്‍ദാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ വലിയ വിവാദമായിരുന്നു.


ജനുവരി 22ന് മുമ്പായി ഓഫിസില്‍ അധ്യാപകരുടെ പേര് വിവരങ്ങള്‍ നല്‍കാനും തഹസില്‍ദാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇത് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിനെത്തുടര്‍ന്ന് താമരശ്ശേരി തഹസില്‍ദാര്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുള്ള കത്ത് റദ്ദാക്കി. എന്‍പിആര്‍ എന്നത് കത്തില്‍ തെറ്റായി കടന്നുകൂടിയതാണെന്നും സെന്‍സസ് എന്നാണ് ഉദ്ദേശിച്ചതെന്നും തഹസില്‍ദാര്‍ വിശദീകരിക്കുകയും ചെയ്തു. ഇതിനുശേഷം ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചു.


ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ സംബന്ധിച്ച (എന്‍പിആര്‍) എല്ലാ നടപടികളും സര്‍ക്കാര്‍ സ്‌റ്റേ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അടിയന്തര സന്ദേശവും നല്‍കി. 2021ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ പുതുക്കുന്ന കാര്യം പരാമര്‍ശിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കണമെന്നും കലക്ടര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാരും മുഖ്യമന്ത്രിയും ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും വിവരശേഖരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന റിപോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it