Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി

പ്രമേയത്തിൻമേൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകിയ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് ആർഎസ്എസിനേയും ബിജെപിയേയും വിമർശിച്ചത്. ഹിറ്റ്ലറുടെ ആശയവും മുസോളിനിയുടെ സംഘടനാ രൂപവുമാണ് ആർഎസ്എസ് അംഗീകരിച്ചിട്ടുള്ളത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം കേരള നിയമസഭ പാസ്സാക്കി. ഭരണ, പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ബിജെപിയുടെ ഏക എംഎൽഎ ഒ രാജഗോപാൽ മാത്രമാണ് പ്രമേയത്തെ എതിർത്തത്. ഇതോടെ മതത്തിന്റെ പേരിൽ പൗരൻമാരെ ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയായി കേരള നിയമസഭ മാറി.

മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം കെ മുനീർ, വി ഡി സതീശൻ, ഷാഫി പറമ്പിൽ, എം സ്വരാജ്, എ പ്രദീപ് കുമാർ, ഒ രാജഗോപാൽ, കടന്നപ്പളളി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആർഎസ്എസിനെ അതിരൂക്ഷമായി വിമർശിച്ചാണ് എല്ലാവരും സംസാരിച്ചത്. മാത്രമല്ല, കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ പോലിസ് അടിച്ചമർത്താൻ ശ്രമിക്കുന്നതായും പ്രതിഷേധക്കാരിൽ പലരേയും അകാരണമായി ജാമ്യമില്ല വകുപ്പ് ചുമത്തി ജയിലിലാക്കുന്നതും പുനപരിശോധിക്കണമെന്നും ആവശ്യമുയർന്നു.

പ്രമേയത്തിൻമേൽ നടന്ന ചർച്ചയ്ക്ക് മറുപടി നൽകിയ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് ആർഎസ്എസിനേയും ബിജെപിയേയും വിമർശിച്ചത്. പൗരത്വ ഭേദഗതി നിയമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ അജണ്ടയുടെ ഭാഗമാണ് ഈ നിയമം. കേന്ദ്ര സർക്കാർ തുടർച്ചയായി നടപ്പാക്കുന്ന പരിഷ്കാരങ്ങൾ പ്രത്യേക വിഭാഗത്തിനെതിരാണ്. ആർഎസ്എസ് ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച മുസ്ലിങ്ങളെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. വിവാഹ മോചനം എല്ലാ വിഭാഗത്തിലും ഉണ്ടെങ്കിലും മുത്തലാക്കിന്റെ പേരിൽ മുസ്ലീം വിഭാഗത്തിന് മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാക്കി. എല്ലാ വിഭാഗവും വിവാഹമോചനം സിവിൽ നിയമത്തിലൂടെ കൈകാര്യം ചെയ്യുമ്പോൾ മുസ്ലിങ്ങൾക്ക് മാത്രം വെറൊരു നിയമം നടപ്പാക്കിയത് വിവേചനമാണ്. രാജ്യത്തിന്റെ അഭിവാജ്യഘടകമായ ജമ്മു കശ്മീരിന് എതിരായ നീക്കം വർഗീയ ചിന്താഗതിയുടെ ഭാഗമാണ്. മതപരമായ വിവേചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് അവകാശം നൽകുന്നത് തുടരാൻ പാടില്ല. കൃത്യമായ അജണ്ടയുടെ ഭാഗമാണിത്.

രാജ്യത്ത് ഒരുപാട് രാഷ്ട്രീയ പാർട്ടികളുണ്ട്. ആ ഗണത്തിൽ ഉൾപ്പെടുന്നവരല്ല ബിജെപി. കാരണം ആർഎസ്എസാണ് അവരെ നയിക്കുന്നത്. ആർഎസ്എസ് കൃത്യമായ ആശയമുള്ള സംഘടനയാണ്. ആർഷഭാരത സംസ്കാരമല്ല ആർഎസ്എസ് അംഗീകരിക്കുന്നത്. ഹിറ്റ്ലറുടെ ആശയവും മുസോളിനിയുടെ സംഘടനാ രൂപവുമാണ് ആർഎസ്എസ് അംഗീകരിച്ചിട്ടുള്ളത്. ഈ അപകടകരമായ ആശയത്തിൽ നിന്നു കൊണ്ടുള്ള അജണ്ടയുടെ ഭാഗമായി ഓരോ നിയമങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കുകയാണ്. പൗരത്വ ഭേദഗതി നിയമം ഇതിന്റെ ഭാഗമാണ്. ജനങ്ങളുടെ രാജ്യത്തോടുള്ള കൂറ് തീരുമാനിക്കേണ്ടത് ആർഎസ്എസ്സല്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനതയെ രണ്ടാംകിട പൗരൻമാരായി കാണുകയാണ് ബിജെപിയും ആർഎസ്എസും. മുസ്ലീങ്ങളെ ആഭ്യന്തര ഭീഷണി പ്രഖ്യാപിച്ച് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തെ ചെറുക്കണം. ഓർഡിനൻസിലൂടെ അടിയന്തരമായി പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it