Kerala

യൂനിവേഴ്സിറ്റി കോളജിലെ കൊലപാതകശ്രമം പ്രത്യേകസംഘം അന്വേഷിക്കും

പരാതിയുമായി മുന്നോട്ടുപോകുമെന്ന് അഖിലിന്‍റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും.

യൂനിവേഴ്സിറ്റി കോളജിലെ കൊലപാതകശ്രമം  പ്രത്യേകസംഘം അന്വേഷിക്കും
X

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘര്‍ഷം പ്രത്യേകസംഘം അന്വേഷിക്കും. കന്‍റോണ്‍മെന്‍റ് സിഐക്കാണ് അന്വേഷണ ചുമതല. എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയ യൂനിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത്, സെക്രട്ടറി നസിം ഉൾപ്പടെ ആറ് പ്രതികള്‍ ഒളിവിലാണ്.

കോളജിലെ സംഘര്‍ഷം കരുതിക്കൂട്ടിയുണ്ടാക്കിയതാണെന്നാണ് പോലിസിന്റെ എഫ്ഐആർ. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോട് കൂടി സംഘം ചേര്‍ന്ന് അഖിലിനെ അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.

അതേസമയം, പരാതിയുമായി മുന്നോട്ടുപോകുമെന്ന് അഖിലിന്‍റെ പിതാവ് ചന്ദ്രന്‍ പറഞ്ഞു. കേസുമായി ഏതറ്റം വരെയും പോകും. നിയമ നടപടിയുമായി മുന്നോട്ട് പോകാൻ സിപിഎം പിന്തുണ അറിയിച്ചിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മുൻ എംഎൽഎ വി ശിവൻകുട്ടി എന്നിവർ അശുപത്രിയിൽ എത്തി പിന്തുണ അറിയിച്ചിട്ടുണ്ട്. താനും കുടുംബവും ഇപ്പോഴും കമ്യൂണിസ്റ്റുകാരാണ്. ആരും ഒത്തുതീർപ്പിനായി സമീപിച്ചിട്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി.

ഇന്നലെയാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിന് കുത്തേറ്റത്. അഖില്‍ ഉള്‍പ്പെടെ ഒരു സംഘം വിദ്യാര്‍ഥികള്‍ കാംപസിൽ പാട്ടു പാടിയിരുന്നു. ഇത് എസ്എഫ്ഐ യൂനിറ്റ് കമ്മിറ്റി നേതാക്കള്‍ ചോദ്യം ചെയ്തു. ഈ നേതാക്കള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ തിരിഞ്ഞതോടെ സംഘര്‍ഷം തുടങ്ങി. അഖിലിനെ കുത്തിയതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോളജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്.

Next Story

RELATED STORIES

Share it