Kerala

ചര്‍ച്ച് ബില്ലിനു പിന്നില്‍ ഗൂഢമായ രാഷ്ട്രീയ അജണ്ടയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്;മാര്‍ച്ച് മൂന്നിനു കരിദിനം ആചരിക്കും

ഇടതുപക്ഷ സര്‍ക്കാര്‍ ചര്‍ച്ച് ബില്ലുമായി മുന്നോട്ടു പോകില്ലെന്നു ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പ് ഉറപ്പു നല്‍കണം അല്ലാത്തപക്ഷം ഇതിനു പിന്നിലെ ഗൂഢമായ രാഷ്ട്രീയ അജണ്ട പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി ഇടതു മുന്നണിക്കു തിരിച്ചടി നല്‍കും.സഭാ നേതൃത്വത്തെ ശിഥിലമാക്കി സമുദായത്തെ ഛിന്നഭിന്നമാക്കാന്‍ അനുവദിക്കില്ല.

ചര്‍ച്ച് ബില്ലിനു പിന്നില്‍ ഗൂഢമായ രാഷ്ട്രീയ അജണ്ടയെന്ന് കത്തോലിക്ക കോണ്‍ഗ്രസ്;മാര്‍ച്ച് മൂന്നിനു കരിദിനം ആചരിക്കും
X

കൊച്ചി: ചര്‍ച്ച് ബില്ലിനു പിന്നില്‍ ഗൂഢമായ രാഷ്ട്രീയ അജണ്ടയെന്നും ചര്‍ച്ച് ബില്ലിനെതിരെ ആരംഭിക്കുന്ന സമരങ്ങളുടെ സൂചനയായി മാര്‍ച്ച് മൂന്നിനു കേരളത്തിലെ എല്ലാ ഇടവകകളിലും കരിദിനമായി ആചരിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ ചര്‍ച്ച് ബില്ലുമായി മുന്നോട്ടു പോകില്ലെന്നു ലോകസഭ തിരഞ്ഞെടുപ്പിനു മുമ്പ് ഉറപ്പു നല്‍കണം അല്ലാത്തപക്ഷം ഇതിനു പിന്നിലെ ഗൂഢമായ രാഷ്ട്രീയ അജണ്ട പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി ഇടതു മുന്നണിക്കു തിരിച്ചടി നല്‍കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

1957 മുതല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം ക്രൈസ്തവ സ്ഥാപനങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സഭയുടെയും സമുദായത്തിന്റെയും വളര്‍ച്ചയും കെട്ടുറപ്പും തകര്‍ക്കാനാണു ചര്‍ച്ച് ബില്‍ ലക്ഷ്യമിടുന്നത്. ചര്‍ച്ച് ബില്ലിലൂടെ സഭാ സ്ഥാപനങ്ങളിലും, പ്രവര്‍ത്തനങ്ങളിലും, രാഷ്ട്രിയ ലക്ഷ്യം വച്ചുള്ള കടന്നു കയറ്റം ഉണ്ടാകും. ക്രൈസ്തവ സഭകള്‍ക്കു മാത്രമായുള്ള പുതിയ ട്രൈബ്യൂണലിന്റെ രൂപീകരണം അനാവശ്യവും അനന്തവുമായ തര്‍ക്കങ്ങളിലേക്കും, കേസുകളിലേക്കും വഴിതെളിക്കുന്നതിനും അതിലൂടെ സഭയെ മുരടിപ്പിക്കുന്നതിനുമാണ്. സഭാ നേതൃത്വം സുതാര്യമായല്ല പ്രവര്‍ത്തിക്കുന്നത് എന്ന തെറ്റുദ്ധാരണ വരുത്താനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടാകുന്നതില്‍ പ്രതിഷേധമുണ്ട്.

സഭാ നേതൃത്വത്തെ ശിഥിലമാക്കി സമുദായത്തെ ഛിന്നഭിന്നമാക്കാന്‍ അനുവദിക്കില്ല. പൂര്‍വികരുടെ അധ്വാനഫലമായി കെട്ടിപ്പടുത്ത സ്ഥാപനങ്ങളെയും, അവകാശങ്ങളെയും പിടിച്ചെടുക്കാനുള്ള ചര്‍ച്ച് ബില്ലിനെ എന്തു വിലകൊടുത്തും നേരിടും. രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ക്കും വിധേയമാണു സഭയുടെ പ്രവര്‍ത്തനങ്ങളും സ്വത്തുക്കളും. എല്ലാ വ്യക്തികളുടെയും, സംഘടനകളുടെയും, സമുദായങ്ങളുടെയും, രാഷ്ട്രിയ പാര്‍ട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും സ്വത്തുക്കള്‍ക്കും ഇപ്പോള്‍ രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങള്‍ പര്യാപ്തമാകുമ്പോള്‍് ഇടതുപക്ഷ സര്‍ക്കാര്‍ ക്രൈസ്തവ സ്ഥാപനങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ള ഈ ബില്ലുമായി രംഗത്തെത്തിയതെന്ന കാര്യം സംശയമുണര്‍ത്തുന്നു. ചര്‍ച്ച് ബില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തള്ളിക്കളയണം. ഇല്ലെങ്കില്‍ സമാനസ്വഭാവമുള്ള എല്ലാ സംഘടനകളെയും സംയോജിപ്പിച്ചു ശക്തമായ സമരത്തിനും നിയമ പോരാട്ടത്തിനും കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ബിജു പറയന്നിലം പറഞ്ഞു.കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, ഖജാന്‍ജി പി ജെ പാപ്പച്ചന്‍, സെക്രട്ടറി ബെന്നി ആന്റണി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it