Kerala

മുഖ്യമന്ത്രിയുടെ ഇടപെടല്‍; കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറി വ്യാപാരികള്‍

മുഖ്യമന്ത്രിയുടെ ഇടപെടല്‍; കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറി വ്യാപാരികള്‍
X

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍നിന്ന് വ്യാപാരികള്‍ പിന്‍മാറി. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് വ്യാപാരികളുടെ പിന്‍മാറ്റം. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി വ്യാപാരികള്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ഇതിനുശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി വിളിച്ച് ഉറപ്പുനല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു.

വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ ഉടന്‍ ചര്‍ച്ച നടത്താമെന്നും അതുവരെ സമരം നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് എല്ലാ ദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് കലക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറക്കല്‍ സമരം നടത്തുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. എന്നാല്‍, മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചതായും വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തതായി ടി നസറുദ്ദീന്‍ പ്രതികരിച്ചു.

ലോക്ക് ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കുക എന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത്. 'എനിക്കവരോട് (വ്യാപാരികള്‍) ഒന്നേ പറയാനുള്ളൂ. അവരുടെ വികാരം മനസ്സിലാക്കുന്നു. അതോടൊപ്പം നില്‍ക്കാനും പ്രയാസമില്ല. എന്നാല്‍, മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ അതിനെ സാധാരണ ഗതിയില്‍ നേരിടുന്ന പോലെ തന്നെ നേരിടും. അത് മനസ്സിലാക്കി കളിച്ചാല്‍ മതി, അത്രയേ പറയാനുള്ളൂ- എന്നാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞത്.

Next Story

RELATED STORIES

Share it