Kerala

മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ ലഭിച്ചത് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക്

150 ലധികം നാര്‍ക്കോട്ടിക്ക് കേസുകളാണ് ഇവരുടെ പ്രവര്‍ത്തന മികവ് കൊണ്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്

മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ ലഭിച്ചത് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങള്‍ക്ക്
X




കൊച്ചി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഏറ്റവും മികച്ച എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ എക്‌സൈസ് സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച മെഡലിന് അര്‍ഹരായത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എക്‌സ് റൂബന്‍ എന്നിവര്‍. നാര്‍ക്കോട്ടിക്ക് കേസുകള്‍ കണ്ടെത്തുന്നതിലും കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തുന്നതിനുമുള്ള ഇരുവരുടേയും മികവ് പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.150 ലധികം നാര്‍ക്കോട്ടിക്ക് കേസുകളാണ് ഇവരുടെ പ്രവര്‍ത്തന മികവ് കൊണ്ട് എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത്.മികച്ച അക്കാദമിക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌ക്വാഡ് സിവില്‍ എക്‌സൈസ് ഓഫീസര്‍ അക്ബര്‍ഷായ്ക്കു കൂടി അവാര്‍ഡ് ' ലഭിച്ചതോടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ തിളക്കം ഇരട്ടിയായി.എക്‌സൈസ് കമ്മീഷണറായി ഋഷിരാജ്‌സിംഗ് ചുമതല ഏറ്റശേഷം കൊച്ചിയിലെ മയക്ക് മരുന്ന് മാഫിയയുടെ വേരറുക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്ന് എറണാകുളം ജില്ലാ എക്‌സൈസ് മേധാവിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അന്നത്തെ ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണറായിരുന്ന നെല്‍സണ്‍ തുടര്‍ന്നു വന്ന എ എസ് രഞ്ജിത്ത്, നിലവിലെ മേധാവി ചന്ദ്രപാലന്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പിടികൂടിയത് 250 കോടിയോളം രൂപ വിലമതിക്കുന്ന മയക്ക് മരുന്നാണ്.


നിലവില്‍ ലോകത്തില്‍ ഏറ്റവും വിലമതിപ്പുള്ള റേവ് പാര്‍ട്ടി റെയര്‍ ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ മാത്രം പിടിച്ചെടുത്തത് 32 കിലോ വരും. ദേശീയ ഏജന്‍സികള്‍ക്ക് പോലും സാധിക്കാത്ത നേട്ടമാണ് എക്‌സൈസ് എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇക്കാര്യത്തില്‍ കൈവരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എംഡിഎംഎ പിടികൂടിയതും പ്രതികളെ വലയിലാക്കിയതുമായ സംഭവങ്ങള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായി .മലേസ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 200 കോടി രൂപയുള്ള മയക്ക് മരുന്ന് പിടികൂടിയ സംഭവം കൊച്ചിയിലേയും മലേസ്യയിലേയും ഡ്രഗ് മാഫിയയുടെ എക്കണോമിക്ക് സോഴ്‌സിന്റെ നടുവൊടിച്ച് കളഞ്ഞു.ഈ നേട്ടം എക്‌സൈസ് കൈവരിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് പി ശ്രീരാജും ,പി എക്‌സ് റൂബനുമാണ്. മയക്ക് മരുന്ന് മാഫിയയുടെ ചതിയില്‍പെട്ട് വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ ജയിലികപ്പെട്ടു പോയ യുവാക്കളെ സംബന്ധിച്ചും അവര്‍ക്ക് ഇപ്രകാരം വരാനിടയായ സാഹചര്യങ്ങളെ സംബന്ധിച്ചും അവരുമായി ബന്ധപ്പെട്ട സംശയാസ്പദമായ വ്യക്തികളെക്കുറിച്ചും എക്‌സൈസ് രഹസ്യമായി നടത്തിയ അന്വേഷണങ്ങളാണ് വന്‍ മയക്ക് മരുന്ന് മാഫിയയുടെ പ്രവര്‍ത്തന രീതിയെ സംബന്ധിച്ച രഹസ്യങ്ങളുടെ ചുരുളഴിയാന്‍ സഹായകമായത്.മുന്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിലക്ഷമണന്‍, നിലവിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ്, കൂടാതെ പ്രിവന്റീവ് ഓഫീസര്‍മാരായ എഎസ് ജയന്‍,കെ ആര്‍ രാം പ്രസാദ്, കെ എം റോബി എന്നിവരുടെ പ്രവര്‍ത്തന മികവ് കൂടി തങ്ങള്‍ കണ്ടെടുത്ത കേസുകളില്‍ സഹായകമായെന്നും ഇവരോടും ഈ നേട്ടത്തില്‍ പ്രത്യേക കടപ്പാടുണ്ടെന്നും അവാര്‍ഡ് ജേതാക്കള്‍ പറഞ്ഞു.



Next Story

RELATED STORIES

Share it