Kerala

നയപ്രഖ്യാപനത്തിലെ പൗരത്വനിയമ പരാമര്‍ശം; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്ന് വിശദീകരണം നല്‍കിയേക്കും

കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിര്‍പ്പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നാവും വിശദീകരണം.

നയപ്രഖ്യാപനത്തിലെ പൗരത്വനിയമ പരാമര്‍ശം; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്ന് വിശദീകരണം നല്‍കിയേക്കും
X

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കിയേക്കും. മുഖ്യമന്ത്രിയുടെ ഓഫിസാവും വിശദീകരണം നല്‍കുക. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രതിഫലിപ്പിക്കാനാണ് പൗരത്വനിയമത്തോടുള്ള എതിര്‍പ്പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്നാവും വിശദീകരണം. നയപ്രഖ്യാപനം സര്‍ക്കാര്‍ കാര്യമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കും. പൗരത്വ ഭേദഗതി നിയമം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും സംസ്ഥാനത്തിന്റെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പോര് തുടരവെയാണ് നയപ്രഖ്യാപന പ്രസംഗത്തിലും വിയോജിപ്പ് പ്രകടമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രംഗത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ രാജ്ഭവനിലേക്ക് എത്തിച്ചത്. നയപ്രഖ്യാപനപ്രസംഗത്തില്‍നിന്ന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയില്ലെങ്കില്‍ എന്തുവേണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുമുണ്ട്. ചീഫ് സെക്രട്ടറിയെ നേരത്തെ തന്നെ ഗവര്‍ണര്‍ നിലപാട് അറിയിച്ചിരുന്നെന്നാണ് വിവരം.

ഈ മാസം 29നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. ഇതിന് മുന്നോടിയായിട്ടാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക. രാഷ്ട്രീയ നേതൃത്വം തീരുമാനിക്കുന്ന നയം ഗവര്‍ണര്‍ സഭയില്‍ അവതരിപ്പിക്കുകയാണ് ചെയ്യുക. എതിര്‍പ്പുളള ഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാവുന്നതാണ്. ഇതിനപ്പുറം ഗവര്‍ണര്‍ തന്റെ വിയോജിപ്പുകള്‍ സഭയില്‍ പ്രഖ്യാപിക്കുമോ എന്നതാണ് ഇനി അറിയാനുളളത്.

Next Story

RELATED STORIES

Share it