Kerala

ശരണബാല്യത്തിന് കേന്ദ്ര അംഗീകാരം; ഇന്നവേഷന്‍ ഗ്രാന്റിന് തിരഞ്ഞെടുത്തു

സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്.

ശരണബാല്യത്തിന് കേന്ദ്ര അംഗീകാരം; ഇന്നവേഷന്‍ ഗ്രാന്റിന് തിരഞ്ഞെടുത്തു
X

തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണ-തെരുവ് ബാല്യ വിമുക്ത കേരളത്തിനായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിച്ചതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. കേന്ദ്ര വനിത ശിശു വികസന മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ ശരണബാല്യം പദ്ധതിയെ നൂതനപദ്ധതിയായി അംഗീകരിച്ച് ഇന്നവേഷന്‍ ഗ്രാന്റിന് തിരഞ്ഞെടുത്തത്.

ഇതോടൊപ്പം സംസ്ഥാനത്തെ ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്കും ഗ്രാന്റ് അനുവദിച്ചതായും അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിലുള്ള ചില്‍ഡ്രന്‍ ഹോമുകള്‍ക്ക് നിര്‍മ്മാണത്തിനുള്ള ഗ്രാന്റും തിരുവനന്തപുരത്തേയും തൃശൂരിലേയും ഒബ്‌സര്‍വേഷന്‍ ഹോമുകള്‍ക്കും പാലക്കാട്ടെ ഒരു ചില്‍ഡ്രന്‍ ഹോമിനും റിനവേഷന്‍ ഗ്രാന്റുമാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2017-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ശരണബാല്യം. ശബരിമല തീര്‍ത്ഥാടന കാലത്ത് ഇതര സംസ്ഥാനത്ത് നിന്ന് കുട്ടികളെ ബാലഭിക്ഷാടനത്തിനായും ബാലവേലക്കായും കൊണ്ടുവരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയ പദ്ധതിയാണിത്. ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍, തെരുവില്‍ അലയുന്നതും ഭിക്ഷ യാചിക്കുന്നതുമായ കുട്ടികള്‍, മനുഷ്യക്കടത്തിനു വിധേയമാകുന്ന കുട്ടികള്‍, സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കുട്ടികള്‍, തുടര്‍ച്ചയായി സ്‌കൂളില്‍ ഹാജരാകാത്ത കുട്ടികള്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് ശരണബാല്യത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ പത്തനംതിട്ടയ്ക്ക് പുറമേ കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അന്ന് 65 കുട്ടികളെയാണ് മോചിപ്പിച്ചത്. പദ്ധതിയുടെ വിജയത്തെ തുടര്‍ന്ന് 2018ല്‍ ശരണബാല്യം സംസ്ഥാന വ്യാപകമാക്കി. ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകളില്‍ ഒരു റെസ്‌ക്യൂ ഓഫീസറെ വീതം നിയോഗിച്ച് കൊണ്ടാണ് ഈ പദ്ധതി സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ നടപ്പിലാക്കിയത്.

ഇതുവരെ 272 കുട്ടികളേയാണ് മോചിപ്പിച്ച് പുന:രധിവസിപ്പിച്ചത്. ബാലവേല 51, ഭിക്ഷാടനം 28, തെരുവ് ബാല്യം 44, ഉപേക്ഷിക്കപ്പെട്ടവര്‍ 12, ലൈംഗിക അതിക്രമം 13, ശൈശവ വിവാഹം 1, മനുഷ്യക്കടത്ത് 4, ശ്രദ്ധയും പരിചരണവും ആവശ്യമുള്ളവര്‍ 119 എന്നിങ്ങനെയാണ് കുട്ടികളെ മോചിപ്പിച്ച് സംരക്ഷിച്ചത്.

ഈ പദ്ധതിയുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താക്കളെ കണ്ടെത്തുന്നതിനായി വനിത ശിശു വികസന വകുപ്പും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുമായി ചേര്‍ന്ന് ഡി.എന്‍.എ. പരിശോധന നടത്തുന്നതിന് വേണ്ടി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ജില്ലകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ബോധവല്‍കരണം നല്‍കുന്നതിന് തെരുവു നാടകങ്ങളും ജില്ലകളിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടും പഞ്ചായത്തുതല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തികൊണ്ട് ജില്ലാതല പരിശീലനവും നടത്തിവരുന്നു. ശരണബാല്യം പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്തെ തീയേറ്ററുകളില്‍ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.

Next Story

RELATED STORIES

Share it