Kerala

കാലിക്കറ്റിലെ ജാതിവിവേചനം: അധ്യാപകരോട് അവധിയില്‍ പോവാന്‍ നിര്‍ദേശം; അന്വേഷണത്തിന് ഉപസമിതി

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ ബോട്ടണി വിഭാഗം ഗവേഷകവിദ്യാര്‍ഥികളാണ് അധ്യാപകരില്‍നിന്ന് ജാതിവിവേചനം നേരിട്ടത്. ഗവേഷണ മേല്‍നോട്ടച്ചുമതലയുള്ള അധ്യാപികയായ ഡോ.ഷമീനയോടും സമാന ആരോപണം നേരിട്ട മലയാളം വിഭാഗം തലവനോടുമാണ് അവധിയില്‍ പോവാന്‍ വിസി നിര്‍ദേശിച്ചത്.

കാലിക്കറ്റിലെ ജാതിവിവേചനം: അധ്യാപകരോട് അവധിയില്‍ പോവാന്‍ നിര്‍ദേശം; അന്വേഷണത്തിന് ഉപസമിതി
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ പട്ടികജാതി വിദ്യാര്‍ഥികളോട് ജാതിവിവേചനം കാണിച്ചെന്ന പരാതിയില്‍ ആരോപണവിധേയരായ അധ്യാപകരോട് അവധിയില്‍ പോവാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലെ ബോട്ടണി വിഭാഗം ഗവേഷകവിദ്യാര്‍ഥികളാണ് അധ്യാപകരില്‍നിന്ന് ജാതിവിവേചനം നേരിട്ടത്. ഗവേഷണ മേല്‍നോട്ടച്ചുമതലയുള്ള അധ്യാപികയായ ഡോ.ഷമീനയോടും സമാന ആരോപണം നേരിട്ട മലയാളം വിഭാഗം തലവനോടുമാണ് അവധിയില്‍ പോവാന്‍ വിസി നിര്‍ദേശിച്ചത്.

അധ്യാപകര്‍ക്കെതിരേ ബോട്ടണി വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥികള്‍ വിസിക്കും പോലിസിനും പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നടപടിയുണ്ടായിരിക്കുന്നത്. അതേസമയം, ജാതിവിവേചനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. ഡോ. ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതി ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ പരാതികളും അന്വേഷിക്കും. അതിനിടെ, ആരോപണവിധേയയായ അധ്യാപികയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നില്‍ സമരം നടത്തി.

ജാതിവിവേചനം നടന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന് മുന്നില്‍ സമരം ആരംഭിച്ച പ്രവര്‍ത്തകര്‍ ഉച്ചയോടെ സമരം വിസിയുടെ ചേംബറിന് മുന്നിലേക്ക് മാറ്റി. വിസിയുടെ ഓഫിസിന് മുന്നില്‍ ഉപരോധം നടക്കുന്നതറിഞ്ഞ് പോലിസ് സ്ഥലത്ത് എത്തി. എന്നാല്‍, പോലിസ് അകത്തുകയറാതെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേംബര്‍ അകത്തുനിന്ന് പൂട്ടി. ഇതോടെ പോലിസിന് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത് നീക്കാനായില്ല. ആരോപണവിധേയരായ അധ്യാപകരോട് അവധിയില്‍ പ്രവേശിക്കാന്‍ വിസി നിര്‍ദേശം നല്‍കിയതോടെയാണ് സമരം അവസാനിച്ചത്.

Next Story

RELATED STORIES

Share it