Kerala

ഇലക്ട്രിക് ഓട്ടോ സർവീസിനെതിരേ പ്രതിഷേധം; സമരക്കാർ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു

നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്നമാണിതെന്നുമാണ് അയാൾ പറഞ്ഞതെന്ന് ജയപ്രകാശ് പറഞ്ഞു.

ഇലക്ട്രിക് ഓട്ടോ സർവീസിനെതിരേ പ്രതിഷേധം; സമരക്കാർ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു
X

കോഴിക്കോട്: കോഴിക്കോട് ഇലക്ട്രിക് ഓട്ടോകൾക്കെതിരായ അതിക്രമം തുടരുന്നു. ഇലക്ട്രിക് ഓട്ടോ സർവീസിനെതിരായ പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയെ നടുറോഡില്‍ ഇറക്കിവിട്ടു. തൃശൂർ സ്വദേശി ജയപ്രകാശിനാണ് ഓട്ടോ ഡ്രൈവർമാരിൽ നിന്നും ദുരനുഭവമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. നടക്കാവ് പോലിസ് കേസെടുത്തു.

ആശുപത്രിയിൽ പോകുന്നതിന് വേണ്ടി ഒരു ഓട്ടോ കൈകാണിച്ച് നിർത്തി. അത് ഏത് ഓട്ടോ ആണെന്ന് അറിയില്ല. ആ സമയത്ത് മറ്റൊരു ഓട്ടോ വന്ന് ഞാൻ കയറിയ ഓട്ടോയെ ബ്ലോക്ക് ചെയ്ത് നിർത്തി. പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. രണ്ട് ഗുളിക കഴിച്ചതാണെന്നും എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണമെന്നും ഓട്ടോ വിടണമെന്നും ഞാനവരോട് പറഞ്ഞു. നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്നമാണിതെന്നുമാണ് അയാൾ പറഞ്ഞതെന്ന് ജയപ്രകാശ് പറഞ്ഞു.

പെർമിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിഐടിയു ആവർത്തിക്കുമ്പോഴും കോഴിക്കോട് നഗരത്തില്‍ ഇത്തരം സംഭവങ്ങളാണ് ഉണ്ടാകുന്നത്. യാത്രക്കാരനും ഓട്ടോ ഡ്രൈവറും പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ നടക്കാവ് പോലിസ് കേസെടുത്തു. ഇലക്ട്രിക് ഓട്ടോകളെ വഴിയില്‍ തടയുന്ന അംഗങ്ങൾക്കെതിരേ നടപടിയെടുക്കുമെന്ന് സിഐടിയു ജില്ലാ നേതൃത്വം ആവർത്തിച്ചു. അതേസമയം അതിക്രമം ആവർത്തിക്കുന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റി.

Next Story

RELATED STORIES

Share it