Kerala

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ഇടനിലക്കാരനായ മലയാളി പിടിയില്‍

തിരുവനന്തപുരം പാളയം സായി സദനില്‍ ജിജേന്ദ്രന്‍ (അലക്‌സ് 31) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്ത്: ഇടനിലക്കാരനായ മലയാളി പിടിയില്‍
X

കൊച്ചി: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുടെ ഇടനിലക്കാരനായ മലയാളി യുവാവിനെ എറണാകുളം റൂറല്‍ പോലിസ് പിടികൂടി. തിരുവനന്തപുരം പാളയം സായി സദനില്‍ ജിജേന്ദ്രന്‍ (അലക്‌സ് 31) എന്നയാളെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നവര്‍ക്ക് സാധനം എത്തിച്ചു നല്‍കുന്നത് ഇയാളണെന്ന് പോലിസ് പറഞ്ഞു. കഞ്ചാവ് കൃഷിചെയ്യുന്ന മേഖലയില്‍ വന്‍ സ്വാധീനമുള്ളയാളാണ് അലക്‌സ്. കഞ്ചാവിനായി ആന്ധ്രയില്‍ എത്തുന്നവര്‍ ഇയാളെയാണ് സമീപിക്കുന്നത്.

സാമ്പിള്‍ കാണിച്ച് വില ഉറപ്പിച്ച ശേഷം കേരളത്തില്‍ നിന്നെത്തിയവരുടെ വാഹനവുമായി ഉള്‍പ്രദേശത്തു പോയി കഞ്ചാവ് പാക്ക് ചെയ്തു കൊണ്ടുവന്ന് സംഘത്തിന് വാഹനം കൈമാറുകയാണ് പതിവ്. കേരളത്തിലേക്ക് ടണ്‍ കണക്കിന് കഞ്ചാവാണ് ഇത്തരത്തില്‍ കൈമാറിയിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു.കഴിഞ്ഞ നവംബറില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു . അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അലക്‌സിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിക്കാനിരിക്കെയാണ് കേരളത്തിലുണ്ടെന്ന് വിവരം ലഭിച്ചത്.

കേരളത്തിലെത്തിയാല്‍ വീട്ടില്‍ താമസിക്കാറില്ല. ഓരോ പ്രാവശ്യവും ഹെയര്‍സ്‌റ്റൈലും മറ്റും മാറ്റുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ട പോലീസ് ഓപ്പറേഷനൊടുവില്‍ തിരുവനന്തപുരത്തെ പൂജപ്പുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. പോലീസ് പിടികൂടുമെന്നുറപ്പായപ്പോള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. പിന്നീട് സാഹസികമായാണ് കീഴടക്കിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും പോലിസ് പറഞ്ഞു.സി ഐ എം സുരേന്ദ്രന്‍, എസ്‌ഐ ടി എം സൂഫി, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ജിമ്മോന്‍ ജോര്‍ജ്, പി ശ്യാംകുമാര്‍, പി എന്‍ രതീശന്‍ എന്നിവരാണ് പോലിസ് സംഘത്തില്‍ ഉണ്ടായിരുന്നത്. അടുത്തിടെ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി ഉള്‍പ്പടെ പത്തോളം പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

Next Story

RELATED STORIES

Share it