Kerala

കലാലയങ്ങളില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന്; എസ്എഫ്‌ഐക്കെതിരേ കമ്മീഷനില്‍ പരാതിപ്രളയം

കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റിങ് നടത്തുന്ന ജസ്റ്റിസ് പി കെ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ മധ്യമേഖലാ സിറ്റിങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളാണ് എസ്എഫ്‌ഐയുടെ ഏകാധിപത്യനടപടികള്‍ക്കെതിരേ രംഗത്തുവന്നത്.

കലാലയങ്ങളില്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന്; എസ്എഫ്‌ഐക്കെതിരേ കമ്മീഷനില്‍ പരാതിപ്രളയം
X

കൊച്ചി: എസ്എഫ്‌ഐയ്ക്ക് ആധിപത്യമുള്ള കലാലയങ്ങളില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമനുവദിക്കില്ലെന്ന് വ്യാപക പരാതി. കലാലയങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റിങ് നടത്തുന്ന ജസ്റ്റിസ് പി കെ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ കമ്മീഷന്റെ മധ്യമേഖലാ സിറ്റിങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളാണ് എസ്എഫ്‌ഐയുടെ ഏകാധിപത്യനടപടികള്‍ക്കെതിരേ രംഗത്തുവന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാനസികപീഡനത്തെത്തുടര്‍ന്ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്താനിടയായതിന്റെ പശ്ചാത്തലത്തിലാണ് സ്വതന്ത്ര കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്.

യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍, ക്രമക്കേടുകള്‍, ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രവേശനം, പരീക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചത്. കോളജുകളില്‍ ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികളായ ഒരുകൂട്ടം അധ്യാപകര്‍ എസ്എഫ്‌ഐയുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണ്. പരാതിപ്പെട്ടാലും നടപടിയുണ്ടാവാറില്ല. ഹോസ്റ്റലുകളില്‍ പുറത്തുനിന്നുള്ള ക്രിമിനല്‍ കേസ് പ്രതികള്‍വരെ താമസമാക്കിയിട്ടും നടപടിയില്ലെന്നും കോളജ് അധികൃതരോടും പോലിസിനോടും പരാതിപ്പെട്ടാലും നടപടിയുണ്ടാവുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

കാംപസ് രാഷ്ട്രീയം നിരോധിക്കുകയല്ല, ജനാധിപത്യപരമായ രാഷ്ട്രീയത്തിനു കാംപസില്‍ അവസരമൊരുക്കുകയാണു വേണ്ടതെന്ന് പി ടി തോമസ് എംഎല്‍എ വ്യക്തമാക്കി. വിദ്യാര്‍ഥി രാഷ്ട്രീയത്തിന് അധ്യാപകര്‍ ഒത്താശചെയ്യുന്നതു തെറ്റായ പ്രവണതയാണെന്ന് മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ.കെ അരവിന്ദാക്ഷന്‍ ചൂണ്ടിക്കാട്ടി. കലാലയങ്ങളിലെ യൂനിയന്‍ പ്രവര്‍ത്തനം ജനാധിപത്യപരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം മഹാരാജാസ് കോളജ്, ഗവ.ലോ കോളജ്, കുസാറ്റ്, എംജി യൂനിവേഴ്‌സിറ്റി കാംപസ് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍, കുസാറ്റിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനകള്‍, ഓള്‍ ഇന്ത്യ സേവ് എജ്യുക്കേഷന്‍ കമ്മിറ്റി, ഡമോക്രാറ്റിക് ലോയേഴ്‌സ് ഫോറം തുടങ്ങിയവയുടെ പ്രതിനിധികളും പരാതികളുമായെത്തി. കമ്മീഷന്റെ രണ്ടാമത്തെ സിറ്റിങ്ങാണ് കൊച്ചിയില്‍ നടന്നത്.

കെഎസ്‌യു, എബിവിപി, ഫ്രറ്റേണിറ്റി, എഐഡിഎസ്ഒ, പിഎസ്‌യു എന്നീ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ സിറ്റിങ്ങിനെത്തിയെങ്കിലും എസ്എഫ്‌ഐ പ്രതിനിധികളാരും പങ്കെടുത്തില്ല. തിരുവനന്തപുരത്തു നടന്ന ആദ്യ സിറ്റിങ്ങിലും എസ്എഫ്‌ഐ പങ്കെടുത്തില്ല. കമ്മീഷന്റെ കാലാവധി രണ്ടുമാസമാണ്. കോഴിക്കോട്ടെ ഉത്തരമേഖലാ സിറ്റിങ് കൂടി പൂര്‍ത്തിയായശേഷം ഈമാസം അവസാനത്തോടെ റിപോര്‍ട്ട് തയ്യാറാക്കി ഗവര്‍ണര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉള്‍പ്പടെയുള്ളവര്‍ക്കു സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ വ്യക്തമാക്കി. കമ്മീഷന്‍ അംഗം പ്രഫ.എസ് വര്‍ഗീസ്, മെംബര്‍ സെക്രട്ടറി പ്രഫ.എ ജി ജോര്‍ജ് എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it