Kerala

പോലിസിനെതിരായ സിഎജിയുടെ കണ്ടെത്തൽ ഗൗരവതരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

ചോദ്യോത്തരവേളയിൽ തന്നെ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

പോലിസിനെതിരായ സിഎജിയുടെ കണ്ടെത്തൽ ഗൗരവതരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
X

തിരുവനന്തപുരം: സമ്പൂർണ ബജറ്റ് പാസ്സാക്കുന്നതിനായി വിളിച്ചുചേർത്ത നിയമസഭ സമ്മേളനം ആരംഭിച്ചു. പോലിസിലെ അഴിമതിക്കെതിരായ സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായത്. ചോദ്യോത്തരവേളയിൽ തന്നെ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. എന്നാൽ വെടിയുണ്ടകൾ കാണാതായിട്ടുണ്ട്. വെടിയുണ്ട കാണാതായതില്‍ സമഗ്രമായ അന്വേഷണം നടക്കുകയാണ്. കണ്ടെത്തൽ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയ്യാറായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. സിഎജി റിപ്പോര്‍ട്ട് വിവാദമായ ശേഷം ഇതാദ്യമായാണ് മുഖ്യന്ത്രിയുടെ വിശദീകരണം വിശദമായി വരുന്നത്.

സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കും. കുറ്റാരോപിതര്‍ക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പിഎസി ഗൗരവമായ പരിശോധന നടത്തട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. വെടിയുണ്ട കാണാതായതിന് ഉത്തരവാദി 2013 മുതല്‍ 15 വരെയുള്ള ഉദ്യോഗസ്ഥരാണ്. ഡമ്മി കാട്രിഡ്ജ് ഉള്‍പ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. 11 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കാണാതായ തിരകൾക്ക് പകരം തിരവെച്ച ഒരാളെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

കേസിലെ മൂന്നാംപ്രതിയായ പോലിസുകാരൻ മന്ത്രി കടകംപള്ളിയുടെ ഗൺമാനായി ഇപ്പോഴും തുടരുന്നത് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. 2015 ന് ശേഷമാണ് വെടിയുണ്ടകൾ വ്യാപകമായി കാണാതായതെന്നും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സംസ്ഥാന പോലിസിന്‍റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തൽ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി റിപ്പോര്‍ട്ട് നിയമസഭയിൽ വരും മുമ്പ് വിവരങ്ങൾ ചോര്‍ന്നത് നല്ല പ്രവണതയല്ല. സമഗ്രമായ പരിശോധന നടത്തി തോക്കുകൾ കാണാതായെന്ന കണ്ടെത്തൽ വസ്തുതാ വിരുദ്ധമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തിരകൾ കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്. നിലവിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് മുതല്‍ ഏപ്രില്‍ എട്ട് വരെ 27 ദിവസം നീണ്ട് നില്‍ക്കുന്ന സഭാ സമ്മേളനം ആദ്യദിവസങ്ങളില്‍ തന്നെ പ്രക്ഷുബ്ധ‍മാകുമെന്നതിൽ സംശയമില്ല. സിഎജി റിപ്പോര്‍ട്ടില്‍ പോലിസിനെതിരായ കണ്ടെത്തലുകള്‍ പ്രതിപക്ഷത്തിന്റെ കയ്യിലെ വജ്രായുധം. വി എസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും, വി. കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതുമെല്ലാം പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ ഉപയോഗിക്കും. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന പൂര്‍ത്തിയാക്കി മാര്‍ച്ച് 31 നകം വോട്ട് ഓണ്‍ അക്കൗണ്ട് ഇല്ലാതെ സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കുകയാണ് നിയമസഭ ചേരുന്നതിന്റെ ലക്ഷ്യം.

Next Story

RELATED STORIES

Share it