Kerala

നയപ്രഖ്യാപനം പൂര്‍ണമായി വായിക്കണം;, ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത്

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ പരാമര്‍ശം പൂര്‍ണമായും വായിക്കണം, കൂട്ടിച്ചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ നടത്തരുത്, ഇത് മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ്, പ്രസംഗം മുഴുവനായി വായിക്കാന്‍ ഭരണഘടനയുടെ 176ാം വകുപ്പ് പ്രകാരം താങ്കള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചാണ് കത്ത് നല്‍കിയത്.

നയപ്രഖ്യാപനം പൂര്‍ണമായി വായിക്കണം;, ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത്
X

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരായ പരാമര്‍ശമടങ്ങുന്ന നയപ്രഖ്യാപനപ്രസംഗം പൂര്‍ണമായി വായിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്ത് പുറത്ത്. ഭരണഘടനാപരമായ ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

പൗരത്വ നിയമഭേദഗതിയ്‌ക്കെതിരായ പരാമര്‍ശം പൂര്‍ണമായും വായിക്കണം, കൂട്ടിച്ചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ നടത്തരുത്, ഇത് മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ്, പ്രസംഗം മുഴുവനായി വായിക്കാന്‍ ഭരണഘടനയുടെ 176ാം വകുപ്പ് പ്രകാരം താങ്കള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മിപ്പിച്ചാണ് കത്ത് നല്‍കിയത്.

മുഖ്യമന്ത്രിയുടെ നല്‍കിയ കത്തിലെ അഭ്യര്‍ഥന അനുസരിച്ചാണ് നയപ്രഖ്യാപനപ്രസംഗത്തിലെ പൗരത്വ ഭേദഗതിക്കെതിരായ 18ാം ഖണ്ഡിക വായിക്കുന്നതെന്ന് ഗവര്‍ണര്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനം കണക്കിലെടുത്ത് വ്യക്തിപരമായ വിയോജിപ്പുണ്ടെങ്കിലും താന്‍ ഇത് വായിക്കുകയാണെന്നുമാണ് ഗവര്‍ണര്‍ പറഞ്ഞത്.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ഗവര്‍ണര്‍,

എന്തുകൊണ്ടാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്നതില്‍ വിശദീകരണം തേടിക്കൊണ്ടുള്ള താങ്കളുടെ കത്ത് അര്‍ധരാത്രിയോടെ കിട്ടി. വിശദമായി, സൂക്ഷ്മമായിത്തന്നെ അത് ഞാന്‍ വായിച്ചു. ബഹുമാനപ്പെട്ട ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ പലതിനും കൃത്യമായ വിശദീകരണം ഞങ്ങള്‍ നല്‍കിയതാണ്. ഈ ചെറുമറുപടി ഇപ്പോള്‍ നല്‍കുന്നത്, താങ്കള്‍ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ്.

പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാനസര്‍ക്കാരിന്റെ ആശങ്ക തീര്‍ച്ചയായും ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിലും ഇടംപിടിക്കേണ്ടതാണ്. ഭരണഘടനയുടെ 176ാം വകുപ്പ് പ്രകാരം, മന്ത്രിസഭയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പ്രകാരമാണ് നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കുന്നത്. മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച നയപ്രഖ്യാപനം പൂര്‍ണമായിത്തന്നെ താങ്കള്‍ വായിക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ അരുതെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്ന്

പിണറായി വിജയന്‍

മുഖ്യമന്ത്രി.

Next Story

RELATED STORIES

Share it