Kerala

മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പുവും എറണാകുളത്ത് മനു റോയിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായേക്കും

സിപിഎം സംസ്ഥാന സമിതിയുടെ ആവശ്യപ്രകാരം അതത് ജില്ലാഘടകങ്ങളാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം പിന്നീടായിരിക്കുമുണ്ടാവുക. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സി എച്ച് കുഞ്ഞമ്പുവായിരിക്കും സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കുക.

മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പുവും എറണാകുളത്ത് മനു റോയിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായേക്കും
X

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് സിപിഎം ധാരണയിലെത്തി. സിപിഎം സംസ്ഥാന സമിതിയുടെ ആവശ്യപ്രകാരം അതത് ജില്ലാഘടകങ്ങളാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം പിന്നീടായിരിക്കുമുണ്ടാവുക. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സി എച്ച് കുഞ്ഞമ്പുവായിരിക്കും സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കുക. ഇന്ന് ചേര്‍ന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് സ്ഥാനാര്‍ഥിയായി അവതരിപ്പിച്ചത്. മറ്റാരുടെയും പേര് ഉയര്‍ന്നുവരാത്ത സാഹചര്യത്തില്‍ കുഞ്ഞമ്പുവിനെ തന്നെയാവും മഞ്ചേശ്വരം തിരികെപ്പിടിക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തുകയെന്നാണ് വിവരം.

സിപിഎം സംസ്ഥാനസമിതി അംഗമാണ് സി എച്ച് കുഞ്ഞമ്പു. കെ ആര്‍ ജയാനന്ദ, ശങ്കര്‍റൈ തുടങ്ങിയ പ്രാദേശിക നേതാക്കളെയാണ് ആദ്യം സിപിഎം മഞ്ചേശ്വരത്തെ ഇടതുസ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നത്. 1987 മുതല്‍ തുടര്‍ച്ചയായി മഞ്ചേശ്വരത്ത് ജയിച്ചുവന്ന ചേര്‍ക്കളം അബ്ദുല്ലയെ അട്ടിമറിച്ചാണ് 2006ല്‍ സി എച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്ത് ജയിച്ചത്. എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അഡ്വ. മനു റോയ് മല്‍സരിക്കാനാണ് സാധ്യത. ഹൈക്കോടതി അഭിഭാഷകനായ മനു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയിയുടെ മകനാണ്. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാവും മനു റോയ് മല്‍സരിക്കുക.

ലോയേഴ്‌സ് യൂനിയന്‍ അംഗമായ മനു, മൂന്ന് തവണ ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരള ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ നേതാവ് ഷാജി ജോര്‍ജിന്റെ പേരും സിപിഎം സജീവമായി പരിഗണിക്കുന്നുണ്ടെന്നും വിവരമുണ്ട്. ഔദ്യോഗികപ്രഖ്യാപനമുണ്ടായെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ. കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ജനീഷ് കുമാറും സ്ഥാനാര്‍ഥിയാവും. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തീരുമാനം മണ്ഡലം കമ്മിറ്റിക്ക് വിടുകയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സിഐടിയു ജില്ലാ സെക്രട്ടറി പി ജെ അജയകുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം എസ് രാജേന്ദ്രന്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നത്.

അരൂരില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ.മനു സി പുള്ളിക്കലിനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം തീരുമാനം. സംസ്ഥാന നേതൃത്വമാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ മനുവിന്റെ പേര് നിര്‍ദേശിച്ചത്. വയലാര്‍ സ്വദേശിയായ മനു സി പുള്ളിക്കല്‍ ചേര്‍ത്തല എസ്എന്‍ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായാണ് രാഷ്ട്രീയരംഗത്തെത്തുന്നത്. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍ മാഗസിന്‍ എഡിറ്ററായ മനു രണ്ടുതവണ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. കേരളാ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it