Latest News

40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസ് 95, ലീഗ് 27, വടകരയില്‍ ആര്‍എംപി, ബേപ്പൂരില്‍ തൃണമൂല്‍, തിരുവനന്തപുരത്ത് സിഎംപി

40 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍
X

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആകെയുള്ള 140 സീറ്റുകളില്‍ 95 ഇടത്ത് കോണ്‍ഗ്രസ് മല്‍സരിക്കും. കോണ്‍ഗ്രസ് മല്‍സരിക്കുന്ന 95 സീറ്റുകളില്‍ 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇന്ന് തന്നെ പൂര്‍ത്തിയാക്കും. ഇതില്‍ 92 ഇടത്ത് സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. മൂന്നിടത്ത് സ്വതന്ത്രരെ പിന്തുണക്കുകയും ചെയ്യുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.

മുസ് ലിം ലീഗിന് 27 സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളില്‍ മല്‍സരിക്കും. ചില നിര്‍ണായക സീറ്റുവെച്ചുമാറലുകള്‍ ഇത്തവണത്തെ പട്ടികയില്‍ ഉണ്ടായിട്ടുണ്ട്. ജോസഫ് വിഭാഗം മല്‍സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനുര്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കി. തൃക്കരിപ്പൂര്‍ സീറ്റിന് പകരം കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് വെച്ചുമാറിയെന്നും വി ഡി സതീശന്‍ അറിയിച്ചു.

ആര്‍എസ്പി കഴിഞ്ഞ തവണ മല്‍സരിച്ച അഞ്ചു സീറ്റുകളിലും ഇപ്രാവശ്യവും അവര്‍ തന്നെയാണ് മല്‍സരിക്കുക. അതില്‍ അഞ്ചാമത്തെ സീറ്റായ മട്ടന്നൂര്‍ ഇപ്രാവശ്യം ആര്‍എസ്പി കോണ്‍ഗ്രസിന് വിട്ടുനല്‍കി. പകരം ആര്‍എസ്പിക്ക് കോണ്‍ഗ്രസ് പയ്യന്നൂരാണ് നല്‍കിയത്. മറ്റ് ഘടകകക്ഷികളില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി കാപ്പന്‍ പാലയിലും ജനവിധി തേടും. നിലവിലുള്ള എംപിമാര്‍ മല്‍സരിക്കണോ വേണ്ടയോയെന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് പ്രത്യേകിച്ച് റോളില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it