Kerala

ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന് ബസ് മോഷ്ടിച്ചു; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ചൊവ്വാഴ്ച രാത്രി എട്ടോടെ സര്‍വീസ് കഴിഞ്ഞ് പയ്യന്നൂര്‍ നഗരസഭാ ഓഫിസിന് സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന കെഎല്‍ 13 എജെ 2390 നമ്പര്‍ മാധവി ബസാണ് കടത്തിക്കൊണ്ട് പോയത്

ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന് ബസ് മോഷ്ടിച്ചു; മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍
X

കണ്ണൂര്‍: പയ്യന്നൂരിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ബസ് അര്‍ധരാത്രിയില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബസിലെ മുന്‍ ജീവനക്കാരനായ നാറാത്ത് ആലിങ്കീല്‍ സ്വദേശിയും ഇപ്പോള്‍ പരിയാരം കൊട്ടിയൂര്‍ മഠം ക്ഷേത്രത്തിനു സമീപം താമസക്കാരനുമായ പി ലതിന്‍(25) നെയാണ് പയ്യന്നൂര്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ബസ് പഴയങ്ങാടിയിലെ മതിലില്‍ ഇടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടോടെ സര്‍വീസ് കഴിഞ്ഞ് പയ്യന്നൂര്‍ നഗരസഭാ ഓഫിസിന് സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന കെഎല്‍ 13 എജെ 2390 നമ്പര്‍ മാധവി ബസാണ് കടത്തിക്കൊണ്ട് പോയത്. താല്‍ക്കാലിക ക്ലീനറായി ജോലിക്ക് കയറിയ ഇയാളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതിന്റെ വിരോധത്തിലാണ് ബസ് മോഷ്ടിച്ചതെന്നാണ് പറയുന്നത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ബസിന്റെ താക്കോല്‍ അതില്‍തന്നെ സൂക്ഷിക്കുന്നത് യുവാവിന് അറിയാമായിരുന്നു. അര്‍ധരാത്രിയിലെത്തിയ യുവാവ് തൂവാല കൊണ്ട് മുഖം മറച്ച് പമ്പിലെത്തി ബസ് ഓടിച്ചുപോവുന്ന ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ നീരിക്ഷണ കാമറയില്‍ നിന്ന് പോലിസിനു ലഭിച്ചിരുന്നു. പയ്യന്നൂര്‍ ടൗണില്‍ കറങ്ങിയ ശേഷം പിലത്തറ വഴി പഴയങ്ങാടി ഭാഗത്തേക്ക് പോവുന്നതിനിടെ എരിപുരം അടുത്തില ഇറക്കത്തില്‍ പ്രവാസിയായ മീത്തലെ പുരയില്‍ മഹമ്മൂദിന്റെ വീട്ടുമതില്‍ ഇടിച്ച് തകര്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ആറോടെ സര്‍വീസ് നടത്താനായി ഡ്രൈവറും കണ്ടക്ടറും പമ്പിലെത്തിയപ്പോഴാണ് ബസ് കാണാത്ത വിവരമറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബസ് എരിപുരത്ത് കണ്ടെത്തി. ബസ്സുടമ കൂത്തുപറമ്പ് സ്വദേശി ശിവന്‍ പയ്യന്നൂര്‍ പോലിസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ലതിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.




Next Story

RELATED STORIES

Share it