Kerala

കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ കുടുങ്ങി

കൊല്ലം സ്വദേശിനി എം പി ഡെയ്‌സിയെയാണു വിജിലന്‍സ് ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു മുനിസിപ്പാലിറ്റി ഓഫിസില്‍നിന്ന് 2,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഇവര്‍ കുടുങ്ങുകയായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് മുനിസിപ്പല്‍ എന്‍ജിനീയര്‍ കുടുങ്ങി
X

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മുനിസിപ്പാലിറ്റിയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി. കൊല്ലം സ്വദേശിനി എം പി ഡെയ്‌സിയെയാണു വിജിലന്‍സ് ഡിവൈഎസ്പി എസ് സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു മുനിസിപ്പാലിറ്റി ഓഫിസില്‍നിന്ന് 2,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ഇവര്‍ കുടുങ്ങുകയായിരുന്നു. ഓഫിസില്‍ കാമറ സ്ഥാപിച്ചിട്ടുള്ളതിനാല്‍ പണം കൈയില്‍ വാങ്ങാതെ മേശയ്ക്കുള്ളില്‍ നിക്ഷേപിക്കാന്‍ ഡെയ്‌സി പരാതിക്കാരനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിജിലന്‍സ് സംഘം പിന്നാലെ കയറി ഇവരെ പിടികൂടി. ഇവരുടെ മേശയ്ക്കുള്ളില്‍നിന്ന് വിജിലന്‍സ് സംഘം പരാതിക്കാരന് നല്‍കിയ നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം ചാലുകുന്ന് സ്വദേശിയുടെ വീടിനു സമീപമുള്ള റോഡ് അയല്‍വാസി മണ്ണിട്ടുയര്‍ത്തി റോഡിന് രൂപമാറ്റം വരുത്തിയത് സംബന്ധിച്ച് കോട്ടയം മുനിസിപ്പാലിറ്റിയില്‍ ഏപ്രില്‍ 16ന് മുമ്പ് ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതിയില്‍ യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ നാലിനു എന്‍ജിനീയര്‍ ഡെയ്‌സി പരാതിക്കാരനായ വ്യക്തിയെ ഫോണില്‍ വിളിച്ച് പരാതി കണ്ടുവെന്ന് അറിയിക്കുകയും 13ന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് ഡെയ്‌സി തന്നോടൊപ്പമുള്ള ഡ്രൈവര്‍ക്ക് പണം നല്‍കണമെന്നു പറഞ്ഞ് 100 രൂപ പരാതിക്കാരനില്‍നിന്നും വാങ്ങി നല്‍കി. പരാതിയില്‍ തീര്‍പ്പുകല്‍പിക്കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.

ആദ്യഗഡുവായ 2,000 രൂപയുമായി തിങ്കളാഴ്ച മിനിസിപ്പാലിറ്റി ഓഫിസിലെത്താന്‍ പരാതിക്കാരനോട് നിര്‍ദേശിച്ചു. ഇതോടെയാണ് സ്ഥലമുടമ വിജിലന്‍സ് എസ്പി വി ജി വിനോദ്കുമാറിനെ സമീപിച്ചത്. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ബ്ലൂ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുമായി പരാതിക്കാരന്‍ ഡെയ്‌സിയെ സമീപിക്കുകയും പണം കൈമാറുകയുമായിരുന്നു. വിജിലന്‍സ് സിഐമാരായ എ ജെ തോമസ്, റിജോ പി ജോസഫ്, വി എ നിഷാദ് മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഡെയ്‌സിയെ പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെ ഒരുമാസത്തിനിടെ കോട്ടയത്ത് പിടിയിലാവുന്ന മൂന്നാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് ഡെയ്‌സി. കോട്ടയം ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടറെ ഒരാഴ്ച മുമ്പ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം കോട്ടയം മുനിസിപ്പാലിറ്റി നാട്ടകം റീജ്യനല്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് എം ടി പ്രമോദ് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായിരുന്നു.

Next Story

RELATED STORIES

Share it