Kerala

ജയിലിലെ നല്ല ഭക്ഷണം കഴിക്കാന്‍ കലക്ടറേറ്റിന് ബോംബ് ഭീഷണി; പോലിസിനെ പ്രതീക്ഷിച്ച് പ്രതി വീട്ടില്‍, ഒടുവില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ജയിലിലെ നല്ല ഭക്ഷണം കഴിക്കാന്‍ കലക്ടറേറ്റിന് ബോംബ് ഭീഷണി; പോലിസിനെ പ്രതീക്ഷിച്ച് പ്രതി വീട്ടില്‍, ഒടുവില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
X

കൊല്ലം: ജയിലിലെ നല്ല ഭക്ഷണം പ്രതീക്ഷിച്ച്, കലക്ടറേറ്റ് സമുച്ചയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലിസിന്റെ ടോള്‍ഫ്രീ നമ്പറില്‍ ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. മയ്യനാട് മുക്കം വലിയഴികം വീട്ടില്‍ പ്രമോദ് ജോണിനെ (44) ആണ് വെസ്റ്റ് പോലിസ് പിടികൂടിയത്. വ്യാഴം രാവിലെ 10ന് ആണ് സ്വന്തം മൊബൈല്‍ ഫോണില്‍ നിന്ന് 112 എന്ന നമ്പറില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

കലക്ടറേറ്റില്‍ വച്ചിട്ടുള്ള ബോംബ് 50 മിനിറ്റിനുള്ളില്‍ പൊട്ടുമെന്നായിരുന്നു ഭീഷണി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഉടമയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ മനസ്സിലാക്കി പ്രമോദിന്റെ വീട്ടില്‍ പോലിസ് സംഘമെത്തി. പൊലീസ് ഉടന്‍ വരുമെന്ന പ്രതീക്ഷയില്‍ വീടിന് മുന്നില്‍ പ്രമോദ് നില്‍ക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ കലക്ടറേറ്റില്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയിരുന്നു.

ജയിലില്‍ കഴിയാനാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രമോദ് വെളിപ്പെടുത്തിയെങ്കിലും പോലിസ് ആദ്യം വിശ്വസിച്ചില്ല. തീവ്രവാദ ബന്ധം സംശയിച്ചും ചോദ്യം ചെയ്തു. പ്രാദേശികമായുള്ള അന്വേഷണത്തിനു ശേഷമാണ് പോലിസ്, പ്രമോദിന്റെ മൊഴി വിശ്വസിച്ചത്. അവിവാഹിതനായ പ്രമോദ് ജോലിക്കു പോകാറില്ല. അടിപിടിക്കേസില്‍ നേരത്തേ 15 ദിവസം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും അന്നു കൃത്യസമയത്ത് ഭക്ഷണം ലഭിച്ചിരുന്നതായും പ്രമോദ് പറഞ്ഞു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.




Next Story

RELATED STORIES

Share it