Kerala

ഫ്രാങ്കൊക്കെതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം

ബിഷപ്പിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ ബിഷപ് ഫ്രാങ്കോയുടെ കീഴിലുള്ള പഞ്ചാബിലേക്കു തന്നെ മാറ്റുന്നത് വഴി അവരുടെ ജീവന് വരെ ഭീഷണി ഉണ്ടെന്ന വസ്തുത സര്‍ക്കാര്‍ കണക്കിലെടുക്കണം.

ഫ്രാങ്കൊക്കെതിരായ ബലാല്‍സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം
X
കൊച്ചി: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ് ഫ്രാങ്കൊക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് സമരസമിതി. കേസിലെ സാക്ഷികളായ നാല് കന്യാസ്ത്രീകളെ സംസ്ഥാനത്തിന് പുറത്തുള്ള നാല് സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുവാനുള്ള സഭാധികാരികളുടെ നീക്കം ഇതിന്റെ ഭാഗമാണ്. നിയമവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഒരു ക്രിമിനല്‍ കേസിലെ സാക്ഷികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇതിലെ പ്രധാന സാക്ഷിയും കൊച്ചിയില്‍ നടത്തിയ സമരങ്ങളില്‍ പങ്കാളികളുമായ കന്യാസ്ത്രീകളെ മാറ്റുന്നത് വഴി ഈ കേസില്‍ സഭയുടെ ലക്ഷ്യം കേസ് അട്ടിമറിക്കലും സമരം ദുര്‍ബലപ്പെടുത്തലുമാണെന്നു വ്യക്തമായിരിക്കുന്നു. കേസില്‍ പരാതിക്കാരിയും പ്രധാന സാക്ഷിയുമായ കന്യാസ്ത്രീയെ ഒറ്റപ്പെടുത്തി ഭീഷണപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. പഞ്ചാബില്‍ വച്ച് മാസങ്ങള്‍ക്കു മുമ്പ് നടന്ന വൈദികന്റെ മരണത്തിലും ദുരൂഹതയുണ്ട്. ബിഷപ്പിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമയെ ബിഷപ് ഫ്രാങ്കോയുടെ കീഴിലുള്ള പഞ്ചാബിലേക്കു തന്നെ മാറ്റുന്നത് വഴി അവരുടെ ജീവന് വരെ ഭീഷണി ഉണ്ടെന്ന വസ്തുത സര്‍ക്കാര്‍ കണക്കിലെടുക്കണം. അതുകൊണ്ട് തന്നെ ഈ കേസിലെ സാക്ഷികളെ ഇത്തരത്തില്‍ സംസ്ഥാനത്തിന് പുറത്ത് വിടുന്നത് ക്രിമിനല്‍ നടപടിചട്ടങ്ങള്‍ക്കു വിരുദ്ധമാനമാണ്. സ്ഥലമാറ്റ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍ സഭയോട് ആവശ്യപ്പെടണമെന്നും സേവ് അവര്‍ സിസ്‌റ്റേഴ്‌സ് സമരസമിതി ആവശ്യപ്പെട്ടു. മഹേന്ദ്ര ചൗളയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള (2018) കേസില്‍ സാക്ഷികളുടെ സംരക്ഷണത്തിനായി വ്യക്തമായ ഒരു പദ്ധതി ( സാക്ഷി സംരക്ഷണ പദ്ധതി 2018 എന്ന പേരില്‍ കോടതി തന്നെ തയ്യാറാക്കിയിട്ടുണ്ട്. സാക്ഷികള്‍ എന്നാല്‍ കോടതിക്ക് സത്യം കണ്ടെത്താന്‍ വെളിച്ചം നല്‍കുന്ന സൂര്യനാണെന്നു കോടതി വിലയിരുത്തുന്നു. അവരെ സംരക്ഷിക്കുന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. പ്രതിയുടെ സാമീപ്യത്തില്‍ നിന്നും സാക്ഷിയെ അകറ്റി നിര്‍ത്തുക എന്നത് ഇതില്‍ ഏറ്റവും പ്രധാനമായ ഒരു നിര്‍ദ്ദേശമാണ്. ഈ കേസില്‍ പ്രധാന സാക്ഷിയെ പ്രതിയുടെ നിയന്ത്രണാധികാരമേഖലയിലേക്കു വിടുന്നു എന്നത് നിയമവിരുദ്ധമാണ്.ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടു ഇവരെ സംസ്ഥാനത്തിന് പുറത്തേക്കു അയക്കാനുള്ള സഭയുടെ ശ്രമങ്ങളെ തടയണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി സേവ് അവര്‍ സിസ്‌റ്റേഴ്‌സ് സമരസമിതി രംഗത്തു വരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.






Next Story

RELATED STORIES

Share it