Kerala

പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് എച്ച്-5 എന്‍-8 വിഭാഗം വൈറസ് ബാധിച്ച് ; പക്ഷികളെ നാളെ മുതല്‍ നശിപ്പിക്കും

രോഗബാധയുണ്ടായ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊന്ന് നശിപ്പിക്കും .നെടുമുടി , തകഴി പള്ളിപ്പാട,കരുവാറ്റ പഞ്ചായത്തുകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നെടുമുടിയില്‍ രോഗബാധയുണ്ടായ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5975 പക്ഷികളെയും തകഴിയില്‍ 11250 ഉം പള്ളിപ്പാട് 4627 ഉം കരുവാറ്റയില്‍ 12750 ഉം പക്ഷികളെ ഇത്തരത്തില്‍ നശിപ്പിക്കേണ്ടതായി കണ്ടെത്തിയിട്ടുണ്ട്.

പക്ഷിപ്പനി: ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് എച്ച്-5 എന്‍-8 വിഭാഗം വൈറസ് ബാധിച്ച് ; പക്ഷികളെ നാളെ മുതല്‍ നശിപ്പിക്കും
X

ആലപ്പുഴ: ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകളെ ബാധിച്ചത് എച്ച്-5 എന്‍-8 വിഭാഗത്തില്‍പ്പെട്ട വൈറസ് ആണെന്ന് സ്ഥിരീകരിച്ചു. രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്നതിന് തീരുമാനമായി. നെടുമുടി പഞ്ചായത്തിലും തകഴി പഞ്ചായത്തിലും പള്ളിപ്പാട് പഞ്ചായത്തിലും കരുവാറ്റയിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നെടുമുടിയില്‍ രോഗബാധയുണ്ടായ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5975 പക്ഷികളെയും തകഴിയില്‍ 11250 ഉം പള്ളിപ്പാട് 4627 ഉം കരുവാറ്റയില്‍ 12750 ഉം പക്ഷികളെ ഇത്തരത്തില്‍ നശിപ്പിക്കേണ്ടതായി കണ്ടെത്തിയിട്ടുണ്ട്. താറാവുള്‍പ്പടെയുള്ള പക്ഷികളുടെ കണക്കാണിത്. പക്ഷികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്നതിന് 18 അംഗ റാപ്പിഡ് റസ്‌പോണ്‍സ് ടീം(ആര്‍ആര്‍ടി)രൂപവല്‍ക്കരിച്ചു.

ഒരു വെറ്റിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും. വെറ്റിനറി ഡോക്ടറായിരിക്കും സംഘത്തലവന്‍. രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് അറ്റന്‍ഡര്‍മാര്‍, ഒരു റവന്യൂ ഉദ്യോഗസ്ഥന്‍, ഒരു പഞ്ചായത്ത് ഉദ്യോഗസ്ഥന്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രണ്ട് പണിക്കാര്‍ എന്നിവരുള്‍പ്പെട്ടതാണ് ആര്‍ആര്‍ടി. പക്ഷികളുടെ നശിപ്പിക്കുന്ന നടപടികള്‍ നാളെ രാവിലെ തന്നെ ആരംഭിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. മൂന്നു ദിവസത്തിനുള്ളില്‍ പക്ഷികളുടെ കള്ളിങ് പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഈ നാല് പഞ്ചായത്തുകളിലുമായി ആകെ 34602 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പ് കരുതുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം പിപിഇ കിറ്റ് ഉള്‍പ്പടെ ധരിച്ച് മാനദണ്ഡപ്രകാരമായിരിക്കും പക്ഷികളെ നശിപ്പിക്കുന്നത്. ഇതിനായുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസഡിയര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഇതുപ്രകാരം നിശ്ചിത സ്ഥലങ്ങള്‍ കണ്ടെത്തി പക്ഷികളെ കൊന്ന് പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം കത്തിക്കും. ഇതിനാവശ്യമായ വിറക്, ഡീസല്‍, പഞ്ചസ്സാര തുടങ്ങിയ സാമഗ്രികള്‍ ബന്ധപ്പെട്ട പഞ്ചായത്ത് നല്‍കണം. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ല കലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൈമാറി. കൊല്ലുന്ന പക്ഷിയുടെ തൂക്കം അനുസരിച്ച് കിലോയ്ക്ക് 5 കിലോ വിറകാണ് ഇതിനായി വേണ്ടിവരുക. ആര്‍ആര്‍ടിയിലേക്കുള്ള മറ്റ് വകുപ്പുകളുടെ ജീവനക്കാരെ അതത് വകുപ്പുകള്‍ വിട്ടുനല്‍കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നെടുമുടിയിലേക്ക് 15 ടണ്‍, തകഴിയില്‍ 115 ടണ്‍, കരുവാറ്റ 125 ടണ്‍, പള്ളിപ്പാട് 40 ടണ്‍ വിറകാണ് ആവശ്യമായി വരുക. പക്ഷികളെ കൊല്ലുന്നതിനുള്ള സ്ഥലം കണ്ടെത്തി വയ്ക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.നെടുമുടിയില്‍ ആദ്യ ദിനം രണ്ട് ആര്‍ആര്‍ടിയും രണ്ടാം ദിവസം സാനിട്ടേഷനായി ഒരു ആര്‍ആര്‍ടി യും പോകും. തകഴിയില്‍ ആദ്യത്തെയും രണ്ടാമത്തെയും ദിവസം രണ്ടുവീതം ആര്‍ആര്‍ടികളും മൂന്നാം ദിവസം സാനിട്ടേഷന് ഒരു ടീമിനെയും നിയോഗിച്ചു.

കരുവാറ്റയില്‍ ആദ്യ ദിനം മൂന്നു ആര്‍ആര്‍ടികള്‍ കള്ളിങിനും രണ്ടാം ദിവസം രണ്ടു ടിം കള്ളിങ്ങിനും മൂന്നാം ദിവസം രണ്ട് ടീമിനെ സാനിട്ടേഷനും നിയോഗിച്ചു. പള്ളിപ്പാട് ആദ്യ ദിനം രണ്ട് ആര്‍ആര്‍ടിയും രണ്ടാം ദിവസം ഒരു ആര്‍ആര്‍ടി യെ സാനിട്ടേഷനും നിയോഗിച്ചു. ഏതെങ്കിലും പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ചുറ്റുവട്ടത്ത് മനുഷ്യര്‍ക്കിടയില്‍ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ നടന്നുവരുകയാണ്. കള്ളിങ്ങിന് പോകുന്ന ടീമംഗങ്ങള്‍ക്ക് എച്ച്‌വണ്‍എന്‍വണ്‍ പ്രതിരോധ മരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ദേശാടനത്തിന് ഇവിടെയെത്തുന്ന പക്ഷികളില്‍ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളോ പ്രത്യേകതകളോ ഉണ്ടോയെന്ന് പരിശോധിക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിം.ആലപ്പുഴയില്‍ ആറിടങ്ങളില്‍ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിള്‍ ശേഖരിച്ചിരുന്നെങ്കിലും നിലവില്‍ നാല് പഞ്ചായത്തുകളില്‍ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയത്. ഇവിടെ രോഗ നിയന്ത്രണ നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് വേഗത്തിലാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it