Kerala

ബീച്ച് ഗെയിംസ് സംസ്ഥാനതല വടംവലി മല്‍സരം ഇന്ന് സമാപിക്കും

പുരുഷ, വനിത, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ നിന്നും 37 ടീമുകള്‍ ഉള്‍പ്പെടെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ 600 ഓളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സമാപന ദിവസമായ ഇന്ന് നടക്കും.

ബീച്ച് ഗെയിംസ് സംസ്ഥാനതല വടംവലി മല്‍സരം ഇന്ന് സമാപിക്കും
X

കോഴിക്കോട്: കായിക വികസനത്തോടൊപ്പം ആരോഗ്യം സംരക്ഷിക്കാനും കായിക മത്സരങ്ങള്‍ സഹായിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. കായിക യുവജനകാര്യവകുപ്പിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ബീച്ച് ഗെയിംസ് സംസ്ഥാനതല വടംവലിമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെ പങ്കാളിത്തം മത്സരത്തില്‍ കൂടുതലാണ് എന്നത് പ്രശംസനീയമായ കാര്യമാണ്. എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യമാണ് ഇവിടെ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു അധ്യക്ഷത വഹിച്ചു.

പുരുഷ, വനിത, മത്സ്യത്തൊഴിലാളി വിഭാഗങ്ങളില്‍ നിന്നും 37 ടീമുകള്‍ ഉള്‍പ്പെടെ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ 600 ഓളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ സമാപന ദിവസമായ ഇന്ന് നടക്കും.

ഗായകന്‍ സുനില്‍ കുമാര്‍ നയിച്ച വോയ്‌സ് ഓഫ് കാലിക്കറ്റിന്റെ ഗാനമേളയും ചടങ്ങിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എം ആര്‍ രഞ്ജിത്ത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി പി ദാസന്‍, അംഗം പി ടി അഗസ്റ്റിന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ അഡ്വ. തോമസ് മാത്യു, കിഷന്‍ ചന്ദ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍, ഡിടിപിസി സെക്രട്ടറി സി പി ബീന തുടങ്ങിയവര്‍ പങ്കെടുത്തു.

സമാപന ചടങ്ങ് ഇന്ന് വൈകീട്ട് ഏഴിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഉദ്ഘാടനം ചെയ്യും. സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് സമ്മാനദാനം നിര്‍വഹിക്കും.

Next Story

RELATED STORIES

Share it