Kerala

ജീവനെടുക്കുന്ന ജപ്തി ഭീഷണി

ഇടുക്കിയില്‍ മാത്രം ഒന്നേകാല്‍ ലക്ഷം കര്‍ഷകരാണ് കടക്കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്. വയനാട്ടിലും കുട്ടനാട്ടിലും ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്.

ജീവനെടുക്കുന്ന ജപ്തി ഭീഷണി
X

തിരുവനന്തപുരം: ബാങ്ക് വായ്പയെ തുടര്‍ന്നുള്ള ജപ്തി ഭീഷണിയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്നു. സംസ്ഥാനത്താകെ 15000ത്തോളം പേരാണ് സര്‍ഫാസിയുടെ പേരില്‍ ജപ്തി നടപടികള്‍ നേരിടാനൊരുങ്ങുന്നത്. മാര്‍ച്ചിലെ കണക്കാണിത്.

ഇടുക്കിയില്‍ മാത്രം ഒന്നേകാല്‍ ലക്ഷം കര്‍ഷകരാണ് കടക്കെണിയില്‍ കുടുങ്ങിക്കിടക്കുന്നത്. വയനാട്ടിലും കുട്ടനാട്ടിലും ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. നിലവിലുള്ള മൊറട്ടോറിയം ദീര്‍ഘിപ്പിച്ചും ജപ്തി നടപടികള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചും സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ബാങ്കുകള്‍ ജപ്തി ഭീഷണി മുഴക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതിന്റെ പ്രധാന കാരണം സര്‍ഫാസി നിയമമാണ്.

സര്‍ഫാസി നിയമ പ്രകാരം ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്നും വാണിജ്യ ബാങ്കുകളെ സര്‍ക്കാരിന് തടയാനാവില്ല. കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഡല്‍ഹിയിലുമെല്ലാം കര്‍ഷകരുടെ ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചവര്‍ക്ക് കേരളത്തില്‍ കര്‍ഷക ആത്മഹത്യ തടയുന്നതിന് അങ്ങനെയൊരാവശ്യമേയില്ലെന്നതും ചിന്തിക്കേണ്ടതാണ്.

തൊലിപ്പുറത്തെ ചികിൽസയായ മൊറട്ടോറിയം

നിലവില്‍ ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുകൊണ്ട് സമയം നീട്ടി കിട്ടുമെന്നല്ലാതെ ലക്ഷകണക്കിന് വരുന്ന വായ്പ എങ്ങനെയാണ് പ്രളയവും വിളനാശവും തൊഴില്‍ ഇല്ലായ്മയും മറ്റും കൊണ്ട് ജീവിക്കുന്നര്‍ക്ക് തിരിച്ചടക്കാൻ സാധിക്കുക? പലിശയും കടബാധ്യതയും കൂടും, അല്ലാതെ ഇതുകൊണ്ട് എന്ത് നേട്ടമാണുള്ളത്.

കാര്‍ഷിക വായ്പകള്‍ക്ക് ഒരുവര്‍ഷം മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം പേരും കാര്‍ഷികേതര വായ്പകളാണ് എടുത്തിരിക്കുന്നത് എന്നതിനാല്‍ കാര്യമായ ഗുണം ഉണ്ടായില്ല. വിവിധ ബാങ്കുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ജപ്തി നോട്ടിസുകളുമായി വീടുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങിയതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. നാട്ടുകാരില്‍ പലരോടും ജപ്തി നടപടികളുടെ കാര്യം അധികൃതര്‍ പറഞ്ഞതിനാല്‍ മാനഹാനിയും ഉണ്ടായി. ഇതോടെ നാട്ടുകാരില്‍ പലരും കടമായി പണം നല്‍കാന്‍ തയാറാകാതെ വരുന്ന സ്ഥിതിയായി. ഇതിനൊപ്പം വട്ടിപ്പലിശക്കാരുടെ ഭീഷണിയും കൂടിവന്നു.

നിത്യവൃത്തിക്കും മക്കളുടെ പഠനത്തിനും പണം കണ്ടെത്താന്‍ കഴിയാതെ സാഹചര്യത്തില്‍ കിടപ്പാടം കൂടി നഷ്ടമാവുമെന്ന അവസ്ഥ സഹിക്കാന്‍ കഴിയാതെയാണ് പലരും ആത്മഹത്യയെന്ന വഴി തിരഞ്ഞെടുത്തത്. ദേശസാല്‍ക്കൃത ബാങ്കുകള്‍ക്ക് മോറട്ടോറിയം ബാധകമല്ല. സഹകരണ ബാങ്കുകളിലെ കൃഷി വായ്പകള്‍ക്കും പിന്നോക്ക വികസന കോര്‍പറേഷനിലെ വായ്കള്‍ക്കും മാത്രമാണ് മൊറട്ടോറിയമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് സംബന്ധിച്ച് കൃത്യമായ വിവരം ആര്‍ക്കുമില്ലാത്തതിനാല്‍ മൊറട്ടോറിയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് ബാങ്ക് അധികൃതര്‍.

വില്‍പന നികുതി, മോട്ടോര്‍ വെഹിക്കിള്‍ ടാക്സ്, കെഎസ്ഇബി, ടെലിഫോണ്‍, കുടിശിക എന്നിവക്ക് മോറട്ടോറിയം ബാധകമാണോയെന്നതിലും വ്യക്തതയില്ല. വിദ്യാഭ്യാസ വായ്പയുടെ കോടികളാണ് നടപടികള്‍ കാത്ത് കിടക്കുന്നത്. നഴ്സിങ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ തൊഴില്‍ രഹിതരായി കഴിയുമ്പോഴാണ് വായ്പയുടെ പേരിലുള്ള നടപടികള്‍. ഉത്തരവുകള്‍ക്ക് വ്യക്തമായ നിര്‍വചനമില്ലാത്തതും ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയാണ്.

കണ്ണീരും ചോരയും മാത്രം വിളയുന്ന മലയോര മേഖല

സര്‍ഫാസി നിയമം ശക്തതമാക്കിയതോടെ, വിളനാശവും നഷ്ടവും കൊണ്ട് പൊറുതി മുട്ടുന്ന മലയോര ജില്ലകളില്‍ കര്‍ഷരുടെ കണ്ണീരും ചോരയും മാത്രം വിളയുന്നത്. പ്രത്യേകിച്ച് കാര്‍ഷിക ജില്ലകളായ വയനാട്ടിലും ഇടുക്കിയിലും. സര്‍ഫാസി നിയമത്തിന്റെ മറവില്‍ വയനാട്ടില്‍ മാത്രം 8370 കര്‍ഷകര്‍ക്കാണ് സ്വന്തം ഭൂമിയും സ്ഥലവും നഷ്ടമാകാന്‍ പോകുന്നത്. സര്‍ഫാസി നിയമം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും വയനാട് ജില്ലയിലാണ്. ജില്ലയില്‍ കനറാ ബാങ്ക്, കേരള ഗ്രാമീണ്‍ബാങ്ക്, സഹകരണ ബാങ്കുകള്‍, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയാണ് ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത്.

സര്‍ഫാസി നിയമ നടപടികള്‍ക്കെതിരേ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഹരിത സേനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം മുതലാണ് ബാങ്കുകള്‍ നടപടി കര്‍ശനമാക്കിത്തുടങ്ങിയത്. ജപ്തിനോട്ടീസ് ലഭിച്ചവരില്‍ നാലുപേര്‍ ആത്മഹത്യചെയ്തു. കല്ലൂരില്‍ ആത്മഹത്യചെയ്ത കര്‍ഷകന്‍ നേരത്തെ 80,000 രൂപ ബാങ്കില്‍ അടയ്ക്കാന്‍ ചെന്നെങ്കിലും ഒരു ലക്ഷത്തില്‍ കുറച്ച് സ്വീകരിക്കില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാടെന്ന് കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ഒ ദേവസി പറഞ്ഞു. ബാങ്കുകള്‍ നോട്ടീസ് അയച്ചവരുടെ എണ്ണം ആവശ്യപ്പെട്ട് ചില കര്‍ഷക സംഘടനകള്‍ വിവരാവകാശ നിയമപ്രകാരം ബാങ്കുകളെ സമീപിച്ചെങ്കിലും വ്യക്തിഗത വിവരങ്ങള്‍ നിയമപ്രകാരം നൽകേണ്ടതില്ലെന്നതിനാല്‍ അപേക്ഷകള്‍ പരിഗണിക്കപ്പെട്ടില്ല. കര്‍ഷക സംഘടനകള്‍ വയനാട് ജില്ലയില്‍ നടത്തിയ കണക്കെടുപ്പിലാണ് എണ്ണായിരത്തിലേറെപ്പേര്‍ക്ക് നോട്ടീസ് കിട്ടിയതായി വ്യക്തമായത്.

ഇതില്‍ 100 പേര്‍ ജപ്തിയിലേക്ക് നീങ്ങുകയാണ്. 250 പേരുടെ നടപടികള്‍ പുരോഗമിക്കുന്നു. സഹകരണബാങ്കുകളാണ് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇത്രയധികം പേര്‍ സര്‍ഫാസി നിയമം കാരണം കുടിയിറക്കു ഭീഷണി നേരിടുന്നില്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു.

ഇടുക്കിയില്‍ ഈ വര്‍ഷം പത്തുപേരാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ജപ്തി ഭീഷണിയില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാകാതെ ജപ്തി നോട്ടിസ് ലഭിച്ചതിനു മനം നൊന്ത് ഇടുക്കി മുരിക്കാശേരിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ജയിംസ് ജോസഫാണ് ഏറ്റവും ഒടുവില്‍ ജീവനൊടുക്കിയത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അടിമാലി ശാഖയില്‍നിന്ന് ജയിംസ് വായ്പയെടുത്തിരുന്നു. മകളുടെ നഴ്‌സിങ് പഠനത്തിനായി 2012ല്‍ രണ്ടര ലക്ഷം രൂപയാണു വായ്പ എടുത്തത്. പിന്നീടുണ്ടായ കൃഷി നാശവും കാര്‍ഷിക വിളകളുടെ നാശവും കാരണം വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വന്നു. കട ബാധ്യത വര്‍ധിച്ചതോടെ ജയിംസും കുടുംബവും താമസിച്ചിരുന്ന ഇരുമലക്കപ്പിലെ രണ്ടര ഏക്കര്‍ കൃഷി സ്ഥലവും വീടും 9 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കി. കാലവര്‍ഷത്തില്‍ ഈ സ്ഥലം വാസയോഗ്യമല്ലാതായതോടെ ഒരു വര്‍ഷം മുന്‍പ് മുരിക്കാശേരിയില്‍ വാടക വീട്ടിലേക്ക് മാറി. ഇതിനിടെയാണ് 2 ദിവസം മുന്‍പ് ബാങ്കില്‍ നിന്നും 4,64,173 രൂപയുടെ ജപ്തി നോട്ടിസ് ജയിംസിനു ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ ജയിംസിനെ നിരന്തരം വിളിച്ചിരുന്നു. ഇതേതുടര്‍ന്നു മനോവിഷമത്തിലായ ജയിംസ് പെരിഞ്ചാന്‍ കുട്ടി പ്ലാന്റേഷനിലെത്തി ജീവനൊടുക്കുകയായിരുന്നു.

ഇടുക്കിയില്‍ ആത്മഹത്യ ചെയ്തവര്‍

താന്നിക്കാട്ടുകാലായില്‍ സന്തോഷ് (37): കടക്കെണിയിലായ തോപ്രാംകുടി മേരിഗിരിയിലെ കര്‍ഷകന്‍ താന്നിക്കാട്ടുകാലായില്‍ സന്തോഷ് മരിച്ചത് ജനുവരി 2ന് ആണ്. കൃഷിയിടത്തില്‍ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുന്നുംപുറത്ത് സഹദേവന്‍ (68): മകന് ജപ്തി നോട്ടിസ് ലഭിച്ചതില്‍ മനംനൊന്ത് വാത്തിക്കുടി ചെമ്പകപ്പാറയില്‍ കുന്നുംപുറത്ത് സഹദേവന്‍ (68) ജനുവരി 29നാണു ജീവനൊടുക്കിയത്.

നെല്ലിപ്പുഴ എന്‍ എം ജോണി (56): സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തും വാഴ, കപ്പ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുകയായിരുന്ന വാഴത്തോപ്പ് നെല്ലിപ്പുഴക്കവലയില്‍ നെല്ലിപ്പുഴ എന്‍ എം ജോണിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കൃഷിയിടത്തില്‍ ഫെബ്രുവരി 7നാണ് കണ്ടെത്തിയത്.

അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62): കൃഷിപ്പണികള്‍ക്കൊപ്പം കോള്‍ഡ് സ്റ്റോറേജ് സ്ഥാപനവും നടത്തിയിരുന്ന രാജുവിനെ പുരയിടത്തിലെ കൊക്കോ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.

നക്കരയില്‍ ശ്രീകുമാര്‍ (അപ്പു -59): വാത്തിക്കുടി പെരിഞ്ചാന്‍കുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാറി(അപ്പു -59)നെ വീടിനു സമീപം വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്.

അടിമാലി ഇരുനൂറേക്കര്‍ സുരേന്ദ്രന്‍(76): പ്രളയകാലത്ത് കൃഷി നശിച്ച അടിമാലി ഇരുനൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനെ വിഷം ഉള്ളില്‍ചെന്ന നിലയിലാണ് കണ്ടെത്തിയത്.

സര്‍ഫാസി നിയമസഭാ സമിതി റിപോര്‍ട്ട് ജൂണില്‍

സര്‍ഫാസി നിയമപ്രകാരം സംസ്ഥാനത്തുണ്ടായ അവസ്ഥാവിശേഷങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ച നിയമസഭാ അഡ്ഹോക്ക് കമ്മിറ്റി ആറുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജനുവരിയില്‍ ചെയര്‍മാന്‍ എസ് ശര്‍മ പറഞ്ഞിരുന്നു. ഇതുപ്രകാരം അടുത്തമാസം റിപോര്‍ട്ട് സഭയില്‍ വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവിധ ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം സര്‍ഫാസി നിയമത്തിന്റെ സാമൂഹ്യ- സാമ്പത്തിക- നിയമ പ്രശ്നങ്ങള്‍ കണക്കിലെടുത്തായിരിക്കും റിപോര്‍ട്ട് നല്‍കുക. പാര്‍ലമെന്റ് പാസാക്കിയ സര്‍ഫാസി നിയമത്തിന്റെ മറവില്‍ വളരെയധികം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. അവരുടെ ദുരിതങ്ങള്‍ മാധ്യമങ്ങള്‍ മുഖേന പുറത്തുവരുന്നുണ്ട്. ഇതിന് ഉത്തരവാദികള്‍ ആയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കമ്മിറ്റി നടത്തുന്ന പഠനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് മാഫിയ-- ഉദ്യോഗസ്ഥ ബന്ധം പുറത്തുകൊണ്ടുവരിക, സര്‍ഫാസി നിയമപ്രകാരം നടപടി നേരിടുന്നവര്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിഷയങ്ങളും കമ്മിറ്റി പരിഗണിക്കും. വിശദമായ പഠനത്തിനുശേഷമായിരിക്കും സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയെന്നും ശര്‍മ പറഞ്ഞു.

Next Story

RELATED STORIES

Share it