Kerala

ബാണാസുര സാഗര്‍ ഡാം തുറന്നു; വയനാട്ടില്‍ അതീവ ജാഗ്രത

ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കരമാന്‍ കനാലില്‍ വലിയ തോതില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

ബാണാസുര സാഗര്‍ ഡാം തുറന്നു; വയനാട്ടില്‍ അതീവ ജാഗ്രത
X

മാനന്തവാടി: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. മുന്‍കരുതലെന്ന നിലയില്‍ ഇരുകരകളിലുമുള്ള ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കരമാന്‍ കനാലില്‍ വലിയ തോതില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. മുന്‍ നിശ്ചയിച്ച പ്രകാരം ഡാമിന്റെ ഗേറ്റുകള്‍ 10 സെ.മീ. ഉയര്‍ത്തി 8.5 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. കുറ്റിയാടിപ്പുഴയിലും ജലനിരപ്പുയരാന്‍ സാധ്യതയുണ്ട്. നാല് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റര്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ നിലവിലുള്ളതിൽ നിന്ന് ഒന്നര മീറ്ററെങ്കിലും വെള്ളം ഉയരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നൽകുന്നത്. അതീവ ജാഗ്രതയാണ് വയനാട്ടിൽ ഇപ്പോഴുള്ളത്.

മലമ്പുഴ ഡാമിലേക്കുള്ള നീരൊഴുക്ക് തോത് കുറയുന്നതിനാല്‍ അണക്കെട്ട് തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുന്‍പു സൂചിപ്പിച്ച ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചതായും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ബാണാസുര സാഗര്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറന്നതാണു കഴിഞ്ഞ തവണ വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷമാക്കിയത്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മുണ്ടേരിക്കടുത്ത് വാണിയംപുഴയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു. രക്ഷാദൗത്യത്തിനായി പുറപ്പെട്ട സൈന്യം ചാലിയാറില്‍ വെള്ളപ്പാച്ചില്‍ കാരണം പുഴ കടക്കാനാകാതെ നില്‍ക്കുകയാണ്. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇപ്പോഴും തുടരുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയാണ്. പയ്യന്നൂര്‍ മുത്തത്തിയില്‍ വെള്ളക്കെട്ടില്‍ വീണ് വെളുത്തേരി കൃഷ്ണന്‍ മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. കാസര്‍കോട്ട് മലയോരപ്രദേശങ്ങളിലും അട്ടപ്പാടിയിലും കനത്തമഴ തുടരുന്നു. അട്ടപ്പാടി അഗളിയിലെ തുരുത്തില്‍ കുടുങ്ങിയ ഗര്‍ഭിണി അടക്കമുള്ള കുടുംബത്തെ രക്ഷിച്ച് മറുകരയിലെത്തിച്ചു.

പാലക്കാട്, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ മഴയ്ക്കു കുറവുണ്ട്. ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ടും അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോഴിക്കാട്, പാലക്കാട്, വയനാട്, മലപ്പുറം, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് 18 ട്രെയിനുകള്‍ റദ്ദാക്കി.

Next Story

RELATED STORIES

Share it